ന്യൂഡൽഹി: സംസ്ഥാന സർക്കാരുമായി പ്രത്യക്ഷത്തിൽ നിയമയുദ്ധം നടത്തുന്ന ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്ന് സിപിഎമ്മും കോൺഗ്രസുമടക്കം നാല് രാഷ്ട്രീയ പാർട്ടികൾ വാങ്ങിയത് ലക്ഷക്കണക്കിന് രൂപയെന്ന് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഡൽഹി ആസ്ഥാനമായ ഒരു ട്രസറ്റ് വഴി സിപിഎമ്മിന് 18 ലക്ഷം രൂപയും കോൺഗ്രസിന് 12 ലക്ഷം രൂപയും നൽകിയതായാണ് രേഖകൾ. റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയ്ക്ക് അഞ്ച് ലക്ഷം രൂപയും നൽകി. ഹാരിസണുമായി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ കാര്യത്തിൽ സർക്കാർ നിയമയുദ്ധം നടത്തി വരവെയാണ് ഫണ്ട് പരിച്ച വിവരം പുറത്ത് വരുന്നത്. ട്രസ്റ്റുകൾ വഴിയുളള തിരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കില്ലെന്നുളള പാർട്ടിയുടെ ദേശീയ നയം നിലനിൽക്കെയാണ് ഈ ഫണ്ട് പിരിവ്.
ജൻപ്രഗതി ഇലക്ട്രൽ ട്രസ്റ്റ്. 2021 ഡിസംബർ 23ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്ക് ട്രസ്റ്റ് നൽകിയ കണക്കാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് മാർച്ച് 26ന് ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്ന് ജൻപ്രഗതി ട്രസ്റ്റിലേക്ക് എത്തിയ തുക 39ലക്ഷം രൂപ. തൊട്ടു പിറ്റേന്നു തന്നെ, നിയമസഭാ തിരഞ്ഞെടുപ്പിന് കൃത്യം 10 ദിവസം മുൻപ് കേരളത്തിലെ നാല് രാഷ്ട്രീയ കക്ഷികൾക്ക് ജൻപ്രഗതി ട്രസ്റ്റ് ഈ തുക നൽകി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നൽകിയത് 12 ലക്ഷം രൂപ. ഐസിഐസിഐ ബാങ്കിൻറെ മുംബൈ വോർളി ശാഖവഴിയാണ് കെപിസിസിക്കുളള പണം കൈമാറിയത്. ശ്രേയാംസ് കുമാർ നേതൃത്വം നൽകിയ ലോക് താന്ത്രിക് ജനതാ ദളിന് നൽകിയത് രണ്ട് ലക്ഷം രൂപ. റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐക്ക് നൽകിയത് അഞ്ച് ലക്ഷം രൂപ. സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഐസിഐസിഐ ബാങ്ക് വഴി 18 ലക്ഷം രൂപയും നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു,
Discussion about this post