കണ്ണൂർ: പാർട്ടിയിലേക്ക് മടങ്ങിയെത്തുമെന്ന് സൂചിപ്പിച്ച് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്ത് ജിജോ തില്ലങ്കേരി. പാർട്ടി മെമ്പറായി നിൽക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത് ചെയ്തുവെന്നും ഇത് തിരിച്ചറിഞ്ഞാണ് പാർട്ടി മെമ്പർഷിപ്പ് സ്വയം പുതുക്കാതിരുന്നതെന്നും ജിജോ പറഞ്ഞു. പാർട്ടി തന്നെ പുറത്താക്കിയെന്ന വാദം തെറ്റാണെന്നും ജിജോ പറഞ്ഞു. വിമർശനങ്ങൾ പരിഗണിച്ച് പാർട്ടിയിലേയ്ക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണെന്നും പോസ്റ്റിൽ പറയുന്നു.
ക്വട്ടേഷനും സ്വർണക്കടത്തുമെന്നും ആരോപണം ഉന്നയിക്കുന്നവരോടായി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും പാർട്ടിയെയോ നേതാക്കളെയോ രക്തസാക്ഷികളെയോ അപമാനിച്ചിട്ടില്ലെന്നും ജിജോ തില്ലങ്കേരി പോസ്റ്റിൽ തുടർന്നു. ഉളുപ്പില്ലാതെ എന്ന് ആയിരംവട്ടം കേൾക്കേണ്ടി വന്നാലും തെരുവിലിട്ട് പരസ്യമായി തള്ളിപ്പറഞ്ഞാലും മനസിലുള്ള ഇടത് രാഷ്ട്രീയം മാഞ്ഞ് പോകില്ലെന്നാണ് ജിജോ പറയുന്നത്.
തങ്ങളുടെ ചില പ്രവൃത്തികൾ മാദ്ധ്യമങ്ങൾക്ക് കൊത്തിവലിക്കാനും രാഷ്ട്രീയ എതിരാളികൾക്ക് ചട്ടുകമാകാനും കാരണമായതിൽ പ്രയാസമുണ്ടെന്നും ജിജോ തില്ലങ്കേരി പറയുന്നു. പാർട്ടിയേയും നേതാക്കളേയും അപമാനിച്ചിട്ടില്ല. പ്രാദേശികമായ വിഷയത്തിൽ ചിലർ സ്ഥാനത്തിന് യോജിക്കാത്ത രീതിയിൽ പ്രവർത്തിച്ചപ്പോൾ വിമർശിച്ചതും തെറി പറഞ്ഞെന്നതും സത്യമാണെന്നും ജിജോ തില്ലങ്കേരി കൂട്ടിച്ചേർത്തു.
26 വയസിനിടയിൽ 23 കേസുകളിൽ പ്രതിയായി. വിവാഹത്തിന് ശേഷം ഇപ്പോൾ വിവാദമായി കേസല്ലാതെ മറ്റൊരു കേസ് ഉണ്ടാക്കിയിട്ടില്ല. കുടുംബം നോക്കാനായി പല മേഖലകളിലേയ്ക്ക് കടന്നതായും ശരീരത്തിൽ ബോംബിന്റെ ചീളുമായാണ് ഇപ്പോഴും ജീവിക്കുന്നതെന്നും ഇടത് രാഷ്ട്രീയം അവസാനിപ്പിക്കാനാകില്ല എന്നും ആകാശ് തില്ലങ്കേരിയെ ടാഗ് ചെയ്ത പോസ്റ്റിലൂടെ ജിജോ അറിയിച്ചു.
അതേസമയം ഒരു മാസത്തിനിടെ ആകാശ് തില്ലങ്കേരിയോ താനോ കൊല്ലപ്പെടുമെന്ന് ജിജോ തില്ലങ്കേരി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ പാർട്ടി നേതൃത്വവുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ മുതലെടുപ്പ് നടക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിന് മേൽ കെട്ടിവെച്ച് വേട്ടയാടരുതെന്നും ഉത്തരവാദി പാർട്ടി അല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.
Discussion about this post