വാഷിംഗ്ടൺ: അമേരിക്കയിലെ അലബാമ സ്വദേശികളായ ദമ്പതികൾക്ക് അത്യപൂർവമായ മോമോ ഇരട്ടകൾ പിറന്നു. ഫ്രാങ്കി- ആൽബ ദമ്പതികൾക്കാണ് ജനനങ്ങളിൽ ആകെ ഒരു ശതമാനം മാത്രം സാദ്ധ്യതയുള്ള മോമോ ഇരട്ടകൾ ജനിച്ചത്. ഇവരുടെ ആദ്യത്തെ കണ്മണികളും ഇരട്ടകളായിരുന്നു. ലെവി, ലൂക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ഇരട്ടകൾ ജനിച്ച് ഒരു വർഷത്തിനുള്ളിലാണ് മോമോ ഇരട്ടകളുടെ ജനനം.
മോമോ ഇരട്ടകൾ അതിജീവിക്കാനുള്ള സാദ്ധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ ആദ്യമേ ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ ഇവർ ആശങ്കാകുലരായിരുന്നു. എന്നാൽ സങ്കീർണതകൾ ഇല്ലാതെ പ്രസവം നടക്കുകയും, പൂർണ്ണ ആരോഗ്യത്തോടെ കുട്ടികളെ ലഭിക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലാണ് അമ്മയായ ആൽബയും അച്ഛനായ ഫ്രാങ്കിയും.
സാധാരണ ഇരട്ടകളിൽ നിന്നും മോമോ ഇരട്ടകളെ വ്യത്യസ്തരാക്കുന്നത്, ഇവർക്ക് ഒരേ കോറിയോണിക്- അമ്നിയോട്ടിക് സഞ്ചികളായിരിക്കും എന്നതാണ്. അതായത് ഇവർക്ക് പ്ലാസന്റയും അമ്നിയോട്ടിക് സഞ്ചിയും ഒന്ന് മാത്രമേ ഉണ്ടായിരിക്കൂ. സാധാരണ ഇരട്ടകൾക്ക് ഇവയെല്ലാം വെവ്വേറെ ആയിരിക്കും.
പൊക്കിൾക്കൊടികൾ കഴുത്തിൽ കുരുങ്ങി കുട്ടികൾക്ക് മരണം സംഭവിക്കാം എന്നതാണ് മോമോ ഇരട്ടകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഗർഭകാലം പൂർത്തിയാകുന്നതിന് മുൻപേ പ്രസവം നടക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. പൊതുവിൽ ശസ്ത്രക്രിയ മുഖേനെയുള്ള പ്രസവമാണ് ഇത്തരം കേസുകളിൽ നടക്കാറ്.
നിലവിൽ ഫ്രാങ്കി- ആൽബ ദമ്പതികളുടെ മോമോ ഇരട്ടകൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുകയാണ്. ഇവർക്ക് ലിഡിയ, ലിൻലി എന്നിങ്ങനെയാണ് പേരുകൾ ഇട്ടിരിക്കുന്നത്. ലെവിയും ലൂക്കയും ഇവർക്ക് എന്നും കൂട്ടായിരിക്കുമെന്ന് മാതാപിതാക്കൾ പറയുന്നു.
Discussion about this post