ന്യൂഡൽഹി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് മാലിന്യ സംസ്കരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പകരം തുണി സഞ്ചികൾ ഉപയോഗിക്കാൻ അദ്ദേഹം മാസാന്ത്യ റേഡിയോ അഭിസംബോധനയായ മൻ കീ ബാത്തിൽ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ശുചീകരണ യജ്ഞങ്ങളിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനും ജനങ്ങളിൽ ശുചിത്വ ബോധം വളർത്താനും സ്വച്ഛ് ഭാരത് വലിയ തോതിൽ പ്രയോജനപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് നിർമാർജ്ജനത്തിൽ രാജ്യത്തെ സ്ത്രീകൾ വലിയ തോതിൽ പങ്കാളികളാകുന്നുണ്ട്. പാൽക്കവറുകളിൽ നിന്നും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നും കൂടകളും മൊബൈൽ സ്റ്റാൻഡുകളും നിർമ്മിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങളെയും മൻ കീ ബാത്തിൽ പ്രധാനമന്ത്രി അനുമോദിച്ചു.
പാഴ്വസ്തുക്കൾ പ്രയോജനകരമായ രീതിയിൽ സംസ്കരിക്കുന്നത് മികച്ച ഒരു വരുമാന മാർഗം കൂടിയാണ്. ശുചിത്വത്തോടൊപ്പം വരുമാനം കൂടി ഉറപ്പാക്കുന്ന ഈ മാർഗം നമ്മൾ ഓരോരുത്തരും അവലംബിച്ചാൽ ആത്മസംതൃപ്തിയോടെ നമുക്ക് വൃത്തിയുള്ള ഒരു ഇന്ത്യയെ രൂപപ്പെടുത്താൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ നിർമ്മിത കളിപ്പാട്ടങ്ങൾ പ്രചരിപ്പിക്കണമെന്ന് താൻ മൻ കീ ബാത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു അതിനോട് രാജ്യത്തെ ജനങ്ങളുടേത്. അതിന് ഏവരോടും നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവർക്കും ഹോളി ആശംസകൾ നേരുന്നു. ‘വോക്കൽ ഫോർ ലോക്കൽ‘ എന്ന ആശയം മനസ്സിൽ ഉറപ്പിച്ച് വേണം നമ്മുടെ ആഘോഷങ്ങളെന്നും മൻ കീ ബാത്തിൽ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Discussion about this post