ആലപ്പുഴ: ഐ എ എസ് ട്രെയിനി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടിൽ മുഹമ്മദ് അജ്മൽ ഹുസൈൻ (28) ആണ് മുളന്തുരുത്തി പോലീസിന്റെ പിടിയിലായത്. അരയൻകാവ് സ്വദേശിനിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
ട്രെയിനിൽ വെച്ചാണ് അജ്മൽ യുവതിയെ പരിചയപ്പെടുന്നത്. മസൂറിയിലെ സിവിൽ സർവീസ് അക്കാഡമിയിൽ ട്രെയിനി ആണ് എന്നാണ് ഇയാൾ യുവതിയോട് പറഞ്ഞത്. പഠനാവശ്യങ്ങൾക്ക് എന്ന് പറഞ്ഞ് അക്കൗണ്ട് വഴി പല തവണയായാണ് ഇയാൾ പണം വാങ്ങിയത്.
തുടർച്ചയായി പണം ആവശ്യപ്പെട്ടപ്പോൾ യുവതി പണം നൽകുന്നത് അവസാനിപ്പിച്ചു. അച്ഛന്റെ അക്കൗണ്ടിൽ നിന്നാണ് ഇവർ പണം അയച്ചു നൽകിയിരുന്നത്. വിവാഹിതനാണെന്ന കാര്യവും അജ്മൽ യുവതിയിൽ നിന്നും മറച്ച് വെച്ചിരുന്നു. പണം ലഭിക്കുന്നത് നിലച്ചതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ ഇതര സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു.
വിശദമായ സൈബർ അന്വേഷണങ്ങൾക്ക് ശേഷം ഹൈദരാബാദിൽ നിന്നാണ് മുഹമ്മദ് അജ്മൽ ഹുസൈൻ അറസ്റ്റിലായത്.
Discussion about this post