പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഇറാനിലെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന കോമിൽ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് ചിലർ വിഷം കലർത്തി നൽകുകയാണെന്ന് ആരോപണം. ഇറാനിയൻ ഡെപ്യൂട്ടി മന്ത്രി യൂനസ് പനാഹിയെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാദ്ധ്യമം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നവംബർ അവസാന വാരം മുതൽ കോമിലെ സ്‌കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ വ്യാപകമായ രീതിയിൽ ശ്വാസകോശ സംബന്ധമായ അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നൂറ് കണക്കിന് വിദ്യാർത്ഥിനികളാണ് ഇതിന് ചികിത്സ തേടിയത്. ഈ വിഷബാധ ബോധപൂർവ്വം ഉണ്ടാക്കിയതാണെന്ന് പനാഹി ആരോപിക്കുന്നു.
‘കോം സ്‌കൂളുകളിലെ നിരവധി വിദ്യാർത്ഥിനികൾക്ക് വിഷബാധയേറ്റതിന് പിന്നാലെ പെൺകുട്ടികളുടെ സ്‌കൂളുകൾ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ധാരാളം രംഗത്ത് എത്തിയതായി ശ്രദ്ധയിൽ പെട്ടുവെന്നും പനാഹി പറയുന്നു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. രോഗബാധിതരായ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളും വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
വിഷബാധയുടെ കാരണം കണ്ടെത്താൻ ഇന്റലിജൻസ്, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് അലി ബഹദോരി ജഹ്‌റോമി പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസെരി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഇറാനിയൻ യുവതിയായ മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് വിഷബാധയുടെ കേസുകളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Discussion about this post