എറണാകുളം: നടൻ ദിലീപ് പ്രതിയായ കേസിൽ നടിയ്ക്ക് നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്ന് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം. ജാമ്യ ഹർജി കോടതി വിധി പറയാൻ മാറ്റി.
കഴിഞ്ഞ ആറ് വർഷമായി താൻ ജയിലിൽ ആണെന്നും അതിനാൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പൾസർ സുനി ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച കോടതി പൾസർ സുനിയ്ക്ക് മേലെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ചു. ഇതിന് പിന്നാലെയായിരുന്നു നടിയ്ക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂര പീഡനമാണെന്ന് കോടതി വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് നടിയുടെ മൊഴിയുൾപ്പെടെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമായിരുന്നു കോടതിയുടെ പരാമർശം. പ്രതികളിൽ നിന്നും ക്രൂരമായ ആക്രമണമാണ് നടിയ്ക്ക് നേരിടേണ്ടിവന്നത്. ഇത് നടിയുടെ മൊഴിയിൽ നിന്നു തന്നെ വ്യക്തമാകുന്നുണ്ടെന്നുമായിരുന്നു കോടതി പറഞ്ഞത്.
അതേസമയം പൾസർ സുനിയുടെ ഹർജിയിൽ കോടതി അടുത്ത ദിവസങ്ങളിൽ വിധി പറയും. നടിയുടെ മൊഴികൂടി പരിഗണിച്ചുകൊണ്ടാകും കോടതിയുടെ അന്തിമവിധിയുണ്ടാകുക.












