ന്യൂഡൽഹി: ബിജെപി വനിതാ നേതാവും നടിയുമായ ഖുശ്ബു സുന്ദർ ദേശീയ വനിതാ കമ്മീഷൻ അംഗം. ഉച്ചയോടെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നത്. ദേശീയ വനിതാ കമ്മീഷൻ അംഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഖുശ്ബു പ്രതികരിച്ചു.
വലിയ സന്തോഷമുണ്ട്. എല്ലായ്‌പ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി സംസാരിക്കുന്നയാളാണ് താൻ. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് തുടർന്നും സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചിരിക്കുന്നു. പ്രശ്‌നങ്ങളെക്കുറിച്ച് നിർഭയം തുറന്ന് പറയാൻ സ്ത്രീകൾ തയ്യാറാകണം. നിങ്ങളുടെ ശബ്ദമായി താനുണ്ട്. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് താനുമായി ബന്ധപ്പെടാമെന്നും ഖുശ്ബു വ്യക്തമാക്കി.
നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് ഇപ്പോൾ തന്റെ ഉത്തരവാദിത്വമാണ്. നീതി ലഭിക്കുന്നതുവരെ നമുക്ക് പോരാടാം. അടുത്തിടെ ഒരു ഡിഎംകെ നേതാവ് ബിജെപിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ച് മോശം പരാമർശം നടത്തി. ഇതിൽ ദേശീയ വനിതാ കമ്മീഷനിൽ താൻ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ അയാൾ മാപ്പ് പറഞ്ഞെന്നും ഖുശ്ബു പ്രതികരിച്ചു.
നിലവിൽ ബിജെപി നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ഖുശ്ബു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ ഖുശ്ബുവിനെ അഭിനന്ദിച്ചു.
Discussion about this post