ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് പി എസ് നരസിംഹയും ഉൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരന് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ സിസോദിയയുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ, ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് ആം ആദ്മി പാർട്ടിയുടെ നീക്കം. സിസോദിയയുടെ പക്കൽ നിന്നും പണമൊന്നും കണ്ടെടുത്തിട്ടില്ലെന്നും, അദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു. എന്നാൽ, ഇതിലേക്ക് ഇപ്പോൾ കടക്കാനാവില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്.
എട്ട് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മനീഷ് സിസോദിയയെ ഞായറാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. 2021-22ലെ വിവാദ മദ്യനയം നടപ്പിലാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആം ആദ്മി പാർട്ടി ഈ മദ്യനയം പിൻവലിച്ചിരുന്നു.
മദ്യനയ കുംഭകോണ കേസിലെ എഫ് ഐ ആറിൽ പേരുള്ള ദിനേശ് അറോറ ഉൾപ്പെടെയുള്ള മറ്റ് പ്രതികളുമായി സിസോദിയക്ക് ബന്ധം ഉള്ളതായി സിബിഐ കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും സിസോദിയക്കെതിരായ തെളിവുകൾ ലഭിച്ചതായി സിബിഐ പറയുന്നു.
Discussion about this post