ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആടിയുലഞ്ഞ് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. അഴിമതി കേസുകളിൽ അറസ്റ്റിലായ ഡൽഹി മന്ത്രിമാരായ മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനും മന്ത്രിസ്ഥാനങ്ങൾ രാജി വെച്ചു.
ഞായറാഴ്ച സിബിഐ അറസ്റ്റ് ചെയ്ത മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി അൽപ്പസമയം മുൻപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും രാജി. ഇരുവരുടെയും രാജി സ്വീകരിക്കപ്പെട്ടതായാണ് വിവരം.
സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ജസ്റ്റിസ് പി എസ് നരസിംഹയും ഉൾപ്പെടുന്ന ബെഞ്ചാണ് വ്യക്തമാക്കിയത്. ഹർജിക്കാരന് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
ഡൽഹി സർക്കാരിൽ ആരോഗ്യം, വിദ്യാഭ്യാസം, ഭവന വകുപ്പ്, ടൂറിസം എന്നിവ ഉൾപ്പെടെ പതിനെട്ടോളം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് മനീഷ് സിസോദിയ. ഇരുവർക്കും പകരം സൗരഭ് ഭരദ്വാജ്, അതീഷി എന്നിവർ മന്ത്രി സ്ഥാനങ്ങളിലേക്ക് കടന്നുവരും എന്നാണ് വിവരം.
എട്ട് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മനീഷ് സിസോദിയയെ ഞായറാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. 2021-22ലെ വിവാദ മദ്യനയം നടപ്പിലാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആം ആദ്മി പാർട്ടി ഈ മദ്യനയം പിൻവലിച്ചിരുന്നു.
ആം ആദ്മി പാർട്ടി സർക്കാരിൽ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന സത്യേന്ദ്ര ജയിൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മെയ് മാസം മുതൽ ജയിലിലാണ്. കടലാസ് കമ്പനികളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ജയിനിന്റെ കുടുംബാംഗങ്ങളെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post