കൊച്ചി : വീട്ടിനുള്ളിൽ കയറി ആക്രമിക്കാനെത്തിയ ആളെ നേരിട്ട പ്ലസ് വൺ വിദ്യാർത്ഥിനി അനഘയാണ് ഇപ്പോൾ നാട്ടിലെ താരം. ഹിൽപാലസിനടുത്ത് പറപ്പിള്ളി റോഡ് ശ്രീനിലയത്തിലാണ് സംഭവം നടന്നത്. കരാട്ടെയും പിന്നെ ഏറെ ആത്മവിശ്വാസവും കൊണ്ടാണ് ഈ കൊച്ചു മിടുക്കി അക്രമിയെ നേരിട്ടത്.
അച്ഛനും അമ്മയും വീട്ടിൽ നിന്നിറങ്ങിയ തക്കം നോക്കിയാണ് അക്രമി വീട്ടിലെത്തിയത്. അടുക്കള വാതിൽ അടയ്ക്കാൻ പോയ അനഘ, വാതിലിന് പിന്നിൽ ആരോ നിൽക്കുന്നത് കണ്ട് പെട്ടെന്ന് ഭയന്നു. വീട്ടിൽ നിന്നെടുത്ത കത്തിയുമായാണ് ഇയാൾ പെൺകുട്ടിയെ ആക്രമിക്കാൻ തുനിഞ്ഞത്. കഴുത്തിന് നേരെ രണ്ട് തവണ കത്തി വീശി. കൈകൊണ്ട് തടഞ്ഞതോടെ കുട്ടിയുടെ കൈ മുറിഞ്ഞു. പരിക്കേറ്റ അനഘയുടെ വായ അക്രമി പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു.
ഇതോടെ അനഘയ്ക്കുളളിലെ ബ്ലാക് ബെൽട്ട് നേടിയ കരാട്ടെക്കാരി ഉണർന്നു. അക്രമികയെ അടിവയറ്റിലേക്ക് മുട്ടുകൊണ്ട് ചവിട്ടിയ പെൺകുട്ടി, അടുത്ത് കിടന്ന തേങ്ങയെടുത്ത് ഇയാളുടെ തലയ്ക്കടിക്കുകയായിരുന്നു. അടികൊണ്ട അക്രമി വീടിന് പിന്നിലെ മതിൽ ചാടി, ഓടി രക്ഷപ്പെട്ടു. പത്ത് വർഷത്തെ കരാട്ടെ പരിശീലനമാണ് അക്രമിയെ നേരിടാൻ അനഘയ്ക്ക് ആത്മവിശ്വാസം നൽകിയത്.
ക്ലീൻ ഷേവ് ചെയ്ത അക്രമിക്ക് നല്ല ഉയരമുണ്ടായിരുന്നു. രണ്ട് ദിവസമായി ഒരാൾ പ്രദേശത്ത് കൂടി കറങ്ങിനടക്കുന്നുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇയാൾ വിവിധ ഭാഷാ തൊഴിലാളിയാണെന്നും സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Discussion about this post