ലക്‌നൗ : രണ്ട് ദശാബ്ദത്തിലേറെയായി നിർബന്ധിത മതപരിവർത്തനം നടത്തിവരുന്ന മലയാളി ദമ്പതിമാർ അറസ്റ്റിൽ. പാസ്റ്റർ സന്തോഷ് ജോൺ(55), ഭാര്യ ജിജി(50) എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെടുത്തത്.
25 വർഷത്തിലേറെയായി ഇവർ യുപിയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനം നടത്തിവരികയായിരുന്നു. പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പ്രവർത്തനം. ഇവർക്ക് പണം വാഗ്ദാനം ചെയ്താണ് നിർബന്ധിത മതപരിവർത്തനം നടത്തിയത്.
ഗാസിയാബാദിൽ ഇവർ താമസിച്ചിരുന്ന പ്രദേശത്ത് വലിയ ഹാൾ വാടകയ്ക്ക് എടുത്താണ് പ്രാർത്ഥന നടത്തിയിരുന്നത്. ഇവിടെ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എത്തി അന്വേഷണം നടത്തി. തുടർന്ന് ഇരുവരെയും ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.
എന്നാൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ പോലീസ് ഇരുവർക്കുമെതിരെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പാസ്റ്ററെയും ഭാര്യയെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെങ്കിലും, ഇവരുടെ ജാമ്യാപേക്ഷ തള്ളി.
ഇവരുടെ കെണിയിൽ പെട്ട് മതപരിവർത്തനം നടത്തിയ നിരവധി പേരെ കണ്ടെത്തിയതായാണ് വിവരം. ക്രിസ്തുമതം സ്വീകരിച്ചാൽ രണ്ട് ലക്ഷം രൂപയും വീട് പണിയാൻ സ്ഥലവുമാണ് ദമ്പതികൾ വാഗ്ദാനം ചെയ്തിരുന്നത് എന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവർക്ക് അന്താരാഷ്ട്ര റാക്കറ്റുകളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
Discussion about this post