മലപ്പുറം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നേരിട്ട് കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് 22കാരൻ. ചെറുപ്പക്കാരിയായ കാമുകിയെ കാത്തിരുന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. നാല് മക്കളുള്ള വീട്ടമ്മയാണ് കോഴിക്കോട് നിന്നും മലപ്പുറം കാളികാവിലേക്ക് 22കാരനെ തേടിയെത്തിയത്.
പ്രണയം ആരംഭിച്ച് ഏറെ നാളുകളായെങ്കിലും ഇവർ തമ്മിൽ കണ്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന് കാമുകൻ അയച്ചുകൊടുത്ത ലൊക്കേഷൻ അനുസരിച്ചാണ് ഇവർ വീട്ടിലേക്കെത്തിയത്. കാമുകിയെ കണ്ട ഞെട്ടലിൽ 22 കാരൻ പൊട്ടിക്കരയുകയായിരുന്നു. തുടർന്ന് ഇവരെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ യുവാവിന്റെ വീട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാമുകനോടൊപ്പം പുതിയ ജീവിതം തുടങ്ങാനാണ് തന്റെ തീരുമാനമെന്നാണ് വീട്ടമ്മ പറഞ്ഞത്. ഇതോടെ ചെറുപ്പക്കാരൻ അലമുറയിട്ട് കരയാൻതുടങ്ങി. രംഗം വഷളായതോടെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം വീട്ടമ്മയെ കാണാനില്ലെന്ന് പറഞ്ഞ് കോഴിക്കോട് പോലീസിലും പരാതി ലഭിച്ചു. തുടർന്ന് വീട്ടമ്മ മലപ്പുറത്തുള്ള കാമുകന്റെ അടുത്താണെന്ന് അറിഞ്ഞ കുടുംബം, കാമുകൻ നിർബന്ധിച്ച് ഇവരെ ഇറക്കിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ചു. ഇതോടെ കാമുകനെ ”ഒന്ന് കാണാം” എന്ന് തീരുമാനിച്ചാണ് വീട്ടമ്മയുടെ കുടുംബം മലപ്പുറത്തെത്തിയത്. എന്നാൽ യുവാവിനെ മർദ്ദിക്കാനാണ് ഇവരുടെ ലക്ഷ്യമെന്ന് മനസിലാക്കിയ ബന്ധുക്കൾ, പോലീസ് നടപടികൾക്ക് ശേഷം യുവാവിനെ രഹസ്യവഴിയിലൂടെ കുടുംബവീട്ടിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post