ഹെഡ്‌ഫോണുകളും ഇയര്‍ബഡുകളും ആഡംബരം എന്നതില്‍ നിന്ന് മാറി അത്യാവശ്യ വസ്തുവായി മാറിക്കഴിഞ്ഞു, പ്രത്യേകിച്ച് യുവാക്കള്‍ക്ക്. പാട്ട് കേള്‍ക്കുക, സംഗീതം ആസ്വദിക്കുക എന്നതിലുപരിയായി റിയാലിറ്റിയില്‍ നിന്ന് രക്ഷപ്പെടാനും ചിലര്‍ ഹെഡ്‌ഫോണുകളെ ആശ്രയിക്കാറുണ്ട്. ചെവിയിലൊരു ഹെഡ്‌ഫോണും വെച്ച് പാട്ടിന്റെയോ വെബ് സിരീസിന്റെയോ സിനിമകളുടെയോ ലോകത്ത് മുഴുകിയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവജനത. വയര്‍ലെസ് ഹെഡ്‌ഫോണുകളുടെ ലോകത്തെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയും. ഒരോ വര്‍ഷവും ഇന്ത്യക്കാരുടെ ഹെഡ്‌ഫോണ്‍ ആവശ്യത്തില്‍ 74.7 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഡിയോ ഉപകരണങ്ങളുടെ വര്‍ധിച്ച ഉപയോഗം ലോകത്ത് ഏതാണ്ട് ഒരു കോടി യുവാക്കളുടെയും കൗമാരക്കാരുടെയും കേള്‍വിശക്തി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നാണ് ഒരു പഠന റിപ്പോര്‍ട്ട്. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ജേണല്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെഡ്‌ഫോണുകളുടെയും ഇയര്‍ബഡുകളുടെയും അമിതോപയോഗവും ഉച്ചത്തിലുള്ള സംഗീതപരിപാടികളില്‍ പങ്കെടുക്കുന്നതും കൗമാരക്കാരുടെയും യുവാക്കളുടെയും കേള്‍വിശക്തിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അതില്‍ പറയുന്നു. സൗത്ത് കാലിഫോര്‍ണിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നടക്കമുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്.
അമേരിക്കയിലെ സിഡിസി (സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) നടത്തിയ പഠനവും സമാനമായ കണ്ടെത്തല്‍ നടത്തിയിരുന്നു. അമിത ശബ്ദം കേള്‍ക്കുന്നത് മൂലം 6-9 വയസ്സ് പ്രായമുള്ള 5.2 ദശലക്ഷം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും 20-69 വയസ്സ് പ്രായമുള്ള 26 ദശലക്ഷം മുതിർന്നവർക്കും എന്നന്നേക്കുമായി കേള്‍വിശക്തി നഷ്ടമാകുന്നുവെന്നാണ് ആ പഠനവും പറയുന്നത്.ലോകാരോഗ്യ സംഘടനയും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ലോകമെമ്പാടും 430 ദശലക്ഷം ആളുകള്‍ക്ക് കേള്‍വിശക്തി ഇല്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍, ഹെഡ്‌ഫോണ്‍, ഇയര്‍ബഡുകള്‍ എന്നിവയുടെ നിരന്തരമായ ഉപയോഗം കാരണം യുവ തലമുറയാണ് ഏറ്റവും കൂടുതല്‍ കേള്‍വിശക്തി നഷ്ടമാകല്‍ ഭീഷണി നേരിടുന്നത്. ഇതിനൊപ്പം ക്ലബ്ബുകളിലെയും സംഗീതപരിപാടികളിലെയും ഉച്ചത്തിലുള്ള സംഗീതവും കേള്‍വിശക്തിയെ ദോഷകരമായി ബാധിക്കുന്നു.
Discussion about this post