മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തിയ മൂന്ന് പേർ പിടിയിൽ. 65 ലക്ഷം മൂല്യം വരുന്ന 1.2 കിലോ സ്വർണമാണ് മൂന്ന് പേരിൽ നിന്നായി പിടികൂടിയത്. ഇന്നു രാവിലെ ദുബായിൽ നിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ലാപ്‌ടോപിന്റെയും എയർപോഡിന്റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കൊണ്ടാണ് സ്വർണം കൊണ്ടുവരാൻ ശ്രമിച്ചത്.
ദുബായിൽനിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശികളായ കളത്തൂർ മുഹമ്മദ് (44) തൈവളപ്പിൽ മാഹിൻ അബ്ദുൽ റഹ്‌മാൻ (51) എന്നിവരാണ് ലാപ്‌ടോപ്പിലും എയർപോഡുകളിലും സ്വർണം കടത്തിയത്. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ എത്തിയ മലപ്പുറം കോട്ടക്കൽ സ്വദേശിയായ പന്തലൂക്കാരൻ ആഷിഖാണ് ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച കടത്തിയത്.
ലാപ്‌ടോപ്പിന്റേയും എയർപോഡിന്റേയും ബാറ്ററികളുടെ ഭാഗത്ത് ചെറിയ കഷണങ്ങളായും പാളികളുടെ രൂപത്തിലും ഒളിപ്പിച്ചു വച്ചിരുന്ന സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
മുഹമ്മദ് കൊണ്ടുവന്ന മൂന്നു ലാപ്‌ടോപ്പുകളിൽ നിന്നും രണ്ടു എയർപോഡുകളിൽ നിന്നുമായി ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന 95 ഗ്രാം തങ്കവും മാഹിൻ കൊണ്ടുവന്ന ഒരു ലാപ്‌ടോപ്പിൽ നിന്നും ഒരു എയർപോഡിൽ നിന്നുമായി ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന 34 ഗ്രാം തങ്കവുമാണ് പിടികൂടിയത്.
ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ എത്തിയ ആഷിഖിൽ (26) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഏകദേശം 58 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മിശ്രിത മടങ്ങിയ 1168 ഗ്രാം തൂക്കമുള്ള നാലു ക്യാപ്‌സൂളുകളാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
Discussion about this post