മലപ്പുറം; മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ആയിരനാഴിപ്പടി സ്വദേശിനി പൊട്ടൻകണ്ടത്തിൽ ആമിന(32)യാണ് മങ്കട പോലീസിന്റെ പിടിയിലായത്. കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക്, കോഴിക്കോട്ട്പറമ്പ് ശാഖ, വെള്ളില വനിതാ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് പലതവണയാണ് ഇവർ മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയെടുത്തത്.
ബാങ്ക് സെക്രട്ടറിമാർ പരാതി നൽകിയതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. യുവതി കേരളത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ വേഷം മാറിയും മറ്റും ഒളിവിൽ താമസിച്ചു വരികയായിരുന്നു.
പണം തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതി ഫോണുകൾ ഉപയോഗിച്ചിരുന്നില്ല. എന്നാൽ മങ്കടയിലെയും മറ്റു പ്രദേശങ്ങളിലെയും നിരവധി ടെലിഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രഹസ്യ കേന്ദ്രത്തിൽ താമസിക്കുകയായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post