പട്ന: തമിഴ്നാട്ടിൽ ബിഹാറി തൊഴിലാളികൾ അന്യായമായി ആക്രമിക്കപ്പെടുന്നു എന്ന ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ അണ്ണാമലൈയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിഹാറി തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമിക്കപ്പെടുന്നുവെങ്കിൽ അത് നോക്കി ഇരിക്കാനാവില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തേജസ്വി യാദവ് പറഞ്ഞു.
ഇക്കാര്യം ബിഹാർ സർക്കാർ വളരെ ഗുരുതരമായാണ് കാണുന്നത്. സംഭവം അന്വേഷിക്കാൻ ബിഹാർ സർക്കാർ ഒരു സംഘത്തെ തമിഴ്നാട്ടിലേക്ക് അയച്ചതായും യാദവ് പറഞ്ഞു. തമിഴ്നാട്ടിൽ തദ്ദേശീയരായ തൊഴിലാളികളും ബിഹാറി തൊഴിലാളികളും തമ്മിൽ സംഘർഷം നിലനിൽക്കുന്നു എന്ന വാർത്തകളുടെ സത്യം കണ്ടെത്താനാണ് ഇതെന്നും യാദവ് കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ ബിഹാർ സ്വദേശികളായ തൊഴിലാളികൾക്ക് നേരെ ആക്രമണം നടത്തുന്നതായി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും അദ്ദേഹം പുറത്തു വിട്ടിരുന്നു. എന്നാൽ, ഈ സംഭവത്തിൽ ഡി എം കെ സർക്കാർ അണ്ണാമലൈക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. ഇരു വിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് കേസ്.
Discussion about this post