തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഇന്ന് ഉച്ച മുതൽ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടു മണി മുതൽ നാളെ വൈകുന്നേരം വരെ ചരക്കു വാഹനങ്ങൾ, ഹെവി വാഹനങ്ങൾ തുടങ്ങിയവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങൾ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങൾ പോലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പുകൾ കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നാളെ രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. കേശവൻ നമ്പൂതിരിക്ക് കൈമാറും. തിടപ്പള്ളിയിലേയും വലിയ തിടപ്പള്ളിയിലേയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും. ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലും തീർത്ഥം പകരും.
3000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 300 ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരേയും, എക്‌സൈസ് ഉദ്യോഗസ്ഥരേയും സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. കെഎസ്ആർടിസി 400 സർവീസുകൾ നടത്തും. 1270 പൊതുടാപ്പുകളും പൊങ്കാല പ്രമാണിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനുകൾക്കും അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
Discussion about this post