ഇസ്ലാമാബാദ്: തെക്ക് പടിഞ്ഞാറൻ പാകിസ്താനിൽ ഒമ്പത് പോലീസുകാരുടെ മരണത്തിനിടയാക്കിയ ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളെ നിരീക്ഷിക്കുന്ന ഇന്റൽ ഗ്രൂപ്പ് ഡയറക്ടർ റീത്ത കാറ്റ്‌സ് ആണ് ഇത് സംബന്ധിച്ചുള്ള ട്വീറ്റ് പുറത്ത് വിട്ടത്. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയുള്ള സിബിയിലാണ് ചാവേർ സ്‌ഫോടനം നടന്നത്.
സ്‌ഫോടകവസ്തുക്കൾ നിറച്ച മോട്ടർ സൈക്കിൾ പോലീസ് ട്രക്കിലിടിപ്പിക്കുകയായിരുന്നു. 13ഓളം ഉദ്യോഗസ്ഥർ പരിക്കേറ്റിട്ടുണ്ട്. പ്രസിദ്ധമായ സിബി മേളയിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരാണ് ആക്രമണത്തിനിരയായത്. ആയിരക്കണക്കിന് ആളുകളാണ് മേളയിൽ പങ്കെടുക്കാൻ എത്താറുള്ളത്. മേളയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നെന്നും കനത്ത സുരക്ഷയിൽ അതു നടക്കാതിരുന്നതിനാൽ പോലീസിനു നേരെ തിരിയുകയായിരുന്നുവെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനും ഇറാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാനിൽ അടുത്തിടെയായി ഭീകരാക്രമണങ്ങൾ വർദ്ധിച്ച് വരികയാണ്. ജനുവരിയിൽ മാത്രം 134 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
Discussion about this post