ഇസ്ലാമാബാദ്: അതീവ ഗൗരവതരമായ അവസ്ഥയിലൂടെ കടന്ന് പോവുകയാണ് പാകിസ്താൻ. സൈന്യത്തിന് രണ്ട് നേരത്തെ ഭക്ഷണം പോലും നൽകാനില്ലാത്ത അവസ്ഥയിലേക്ക് പാക് സാമ്പത്തിക വ്യവസ്ഥ കൂപ്പു കുത്തിയിരിക്കുകയാണ്. മുഴുപട്ടിണിയിലായ ജനങ്ങൾ ജീവൻ നിലനിർത്താൻ നെട്ടോട്ടമോടുകയാണ്. പട്ടിണിയും പരിവട്ടവും കലശലായതോടെ ഇന്ത്യയിൽ അഭയം പ്രാപിക്കാൻ ശ്രമിക്കുകയാണ് പാക് പൗരന്മാർ.
പാക് അധീന കശ്മീരിലെയും മറ്റ് അതിർത്തി ഗ്രാമങ്ങളിലെയും നിരവധി പാക് പൗരന്മാരാണ് പലായനത്തിന് ശ്രമിക്കുന്നത്. കന്നു കാലികളെ മേയ്ക്കാനെന്ന വ്യാജേനയാണ് പലരും പൂഞ്ചിലെ നദീതടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നുഴഞ്ഞു കയറാൻ ശ്രമിച്ചെങ്കിലും ഗ്രാമവാസികളെ സൈന്യം ഇടപെട്ട് തിരിച്ചയക്കുകയാണ്. കൂട്ടം കൂട്ടമായി ഗ്രാമവാസികൾ അതിർത്തി കടക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശത്ത് കർശന നിരീക്ഷണം നടത്തുകയാണ് സൈന്യം, കനത്ത ജാഗ്രതയിലാണ് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ.
ജീവിതം കരുപിടിപ്പിക്കാൻ പലായനത്തിന് ശ്രമിക്കുന്ന ഗ്രാമവാസികളുടെ ഇടയിൽ ഭീകരരും കയറിപ്പറ്റി സൈന്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഗ്രാമവാസികളെയും ഭീകരരെയും തിരിച്ചറിയാതിരിക്കാൻ പാക് സൈന്യത്തിന്റെ സഹായവും ഇവർക്ക് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ അനധികൃതമായി ഒരാളെയും നിയന്ത്രണ രേഖ മുറിച്ച് കടക്കാൻ അനുവദിക്കില്ലെന്നും, നിയന്ത്രണ രേഖയ്ക്ക് സമീപമെത്തുന്ന പാക് പൗരന്മാരെ കാര്യങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
1971 ൽ കിഴക്കൻ പാകിസ്താനിൽ നിന്ന് ( ഇന്നത്തെ ബംഗ്ലാദേശ്) ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ അസമിലേക്കും ബംഗാളിലേക്കും അഭയാർത്ഥി പ്രവാഹമുണ്ടായിരുന്നു. കിഴക്കൻ പാകിസ്തിലെ ജനതയും പാക് ഭരണകൂടവും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടർന്ന് പട്ടിണിയും പരിവട്ടവും ആയതോടെ നിക്കക്കള്ളിയില്ലാതെ വന്നതോടെയാണ് അന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടായത്. പ്രശ്‌നങ്ങൾ ഗുരുതരമാവുമെന്ന് മനസിലായതോടെയാണ് ഇന്ത്യ സൈനികമായി ഇടപെട്ടത്. തുടർന്ന് 1971 ൽ ഇന്ത്യ-പാക് യുദ്ധത്തിൽ പാകിസ്താൻ പരാജയപ്പെടുകയും ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപീകൃതമാവുകയുമായിരുന്നു. വർഷങ്ങൾക്കിപ്പുറം പാക് അധീന കശ്മീരിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടായിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഇന്ത്യ സൈനിക നടപടികളിലേക്ക് കടന്നാൽ പാക് അധീന കശ്മീർ, വീണ്ടും ഇന്ത്യയുടെ ഭാഗമാകുന്ന അവസ്ഥ വരെയെത്തും കാര്യങ്ങൾ.
Discussion about this post