കൊച്ചി: ലൈഫ് പദ്ധതിയെ കുറിച്ച് ആർക്കും ഒരു സംശയവും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പദ്ധതിവഴി മൂന്നേകാൽ ലക്ഷത്തോളം ആളുകൾക്ക് ഭൂമി നൽകി. ഇനിയും ഭൂമിയില്ലാത്ത മൂന്നര ലക്ഷത്തോളം ആളുകളാണ് കേരളത്തിലുള്ളത്. അവർക്ക് കൂടി ഭൂമി നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ. അത് പൂർത്തിയാകുമ്പോൾ ഭൂമിയില്ലാത്ത ഒരാൾ പോലുമില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ചോദ്യം ചെയ്യുന്ന ലൈഫിന് ഈ ലൈഫുമായി യാതൊരു ബന്ധവും ഇല്ലെന്നും ഗോവിന്ദൻ അവകാശപ്പെട്ടു.
” രവീന്ദ്രനെ ഇതിന് മുൻപും ചോദ്യം ചെയ്തിട്ടില്ലേ, എത്ര കൊല്ലമായി ചോദ്യം ചെയ്യാൻ തുടങ്ങിയിട്ട്. ഈ ചോദ്യം ചെയ്യൽ വലിയ കാര്യമല്ല. ഇവിടെ മൂന്നേകാൽ ലക്ഷത്തോളം ആളുകൾക്ക് വീട് കൊടുത്തിട്ടുണ്ട്. ആ ലൈഫുമായി ഈ ലൈഫിന് യാതൊരു ബന്ധവുമില്ല. വടക്കാഞ്ചേരിയിലെ ഒരു ഫ്‌ളാറ്റിന്റെ പ്രശ്‌നം പറഞ്ഞ് കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് വീട് കിട്ടിയ പദ്ധതിയെ കുറ്റപ്പെടുത്താമോ? ആ വീട് കിട്ടിയവരല്ലേ ഞങ്ങളെ സ്വീകരിക്കാൻ വരുന്നതിൽ വലിയൊരു വിഭാഗം. എന്തൊരു ആവേശത്തിലാണ് അവർ വരുന്നത്.
കേരളത്തിൽ മൂന്നേമുക്കാൽ ലക്ഷത്തോളം ആളുകൾക്ക് ഇപ്പോഴും ഭൂമിയില്ല. ഇവർക്കെല്ലാം സർക്കാർ ഇടപെട്ട് ഭൂമി നൽകാൻ പോവുകയാണ്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഭൂമിയില്ലാത്ത ഒരാൾ പോലുമില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. ബിജെപി ഭരിക്കുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഭൂമിയില്ലാത്ത ആളുകളില്ലെന്ന് പറയാനാകുമോ. രാജ്യത്ത് പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനം കൂടിയാണ് കേരളം. അതിദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെയെല്ലാം സർക്കാർ ദത്തെടുത്തിരിക്കുകയാണ്. അവിടെ ബിജെപി ദത്തെടുക്കുന്നത് അദാനിയേയും അംബാനിയേയുമല്ലേ?
കേരളത്തിൽ ബിജെപി ഒരു ശക്തിയേ അല്ല. അവർ എല്ലാ സ്ഥലത്തും മൂന്നാമതല്ലേ. പിന്നെ ഇത് ത്രിപുരയൊന്നുമല്ലല്ലോ. അത് സുരേന്ദ്രനും അറിയാം. സുരേന്ദ്രൻ തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങി കിടക്കുകയാണ്. പിഴവുകൾ പറ്റിയാൽ തിരുത്താൻ യാതൊരു മടിയുമില്ല. 100 ശതമാനം ശരി ചെയ്യുന്ന ആരുമില്ല. തെറ്റൊക്കെ സംഭവിക്കും. അത് ചൂണ്ടിക്കാട്ടിയാൽ തിരുത്തുമെന്നും” ഗോവിന്ദൻ പറഞ്ഞു.
Discussion about this post