തിരുവനന്തപുരം: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യ നയ അഴിമതി കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സിസോദിയയുടെ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് ചൂട്ടിക്കാട്ടിയായിരുന്നു കത്ത്. സിസോദിയയുടെ അറസ്റ്റിന് പിന്നാലെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് പിണറായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കത്ത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിലൂടെയാണ് പിണറായിയുടെ കത്ത് പുറത്തുവിട്ടത്. അറസ്റ്റിനെ ചോദ്യം ചെയ്ത് കത്ത അയച്ച് പിണറായി വിജയന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം കത്ത് പങ്കുവച്ചത്. അനധികൃത അറസ്റ്റിനെതിരെ ഉയർന്ന ശബ്ദമാണ് പിണറായിയുടേതെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത് അന്യായമായാണെന്നും ഇതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു. നിലവിൽ ആരോപണം മാത്രമാണ് ഉയർന്നിരിക്കുന്നത്. ഇതിൽ വിശദമായി അന്വേഷണം നടത്തി സത്യം കണ്ടെത്താതെ സിസോദിയയെ അറസ്റ്റ് ചെയ്തത് നീതി നിഷേധമാണ്. ഇത് ഒഴിവാക്കാമായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ അദ്ദേഹം ഹാജരായി. എന്നാൽ അദ്ദേഹത്തെ രാഷ്ട്രീയത്തിന്റെ പേരിൽ വേട്ടയാടി. സിസോദിയയുടെ അറസ്റ്റിൽ ശരിയായ നിർദ്ദേശങ്ങൾ നൽകുമെന്നാണ് കരുതുന്നത് എന്നും പിണറായി കത്തിൽ പറഞ്ഞു.
സിസോദിയയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എട്ട് രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ മാത്രമായി കത്ത് നൽകിയത്.
Discussion about this post