തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചെന്ന് തുറന്ന് പറഞ്ഞ് ഇ.പി.ജയരാജൻ. അത്തരമൊരു വിഷയം സംസ്ഥാന കമ്മിറ്റിയിൽ ആരും ഉന്നയിച്ചിട്ടില്ലെന്നും, എല്ലാം മാദ്ധ്യമ സൃഷ്ടി ആണെന്നുമായിരുന്നു ഇതുവരെ സിപിഎമ്മിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് ഇ.പി.ജയരാജന്റെ വെളിപ്പെടുത്തൽ.
”എന്നാൽ അഴിമതി ആരോപണം എന്ന നിലയിലല്ല പി.ജയരാജൻ ഈ വിഷയം ഉന്നയിച്ചത്. സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നത്. വൈദേകത്തിന്റെ മുൻ എം.ഡിയായിരുന്ന രമേശ് കുമാർ പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും” മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ.പി.ജയരാജൻ പറയുന്നു. രമേശിന് റിസോർട്ടിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയാതെ വന്നതോടെ തന്റെ പേര് വലിച്ചിഴക്കുകയായിരുന്നുവെന്നും ഇപി ആരോപിക്കുന്നു.
അതേസമയം വൈദേകം റിസോർട്ടിലെ ഓഹരികൾ കൈമാറ്റം ചെയ്യാൻ ജയരാജന്റെ കുടുംബം തീരുമാനിച്ചു. ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജെയ്സണും ഓഹരികൾ കൈമാറ്റം ചെയ്യും. ഷെയറും വായ്പയും ഉൾപ്പടെ ഒരു കോടിയിലധികം രൂപയാണ് ഇവർക്ക് ഓഹരിയായി ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റിസോർട്ടിൽ നിന്ന് കുടുംബം പിന്മാറുകയാണെന്നാണ് ഇ.പി.ജയരാജൻ വ്യക്തമാക്കിയത്. വിവാദം ഉണ്ടാക്കി മുന്നോട്ട് പോകാൻ താത്പര്യമില്ല. നല്ല സംരംഭം എന്ന നിലക്കാണ് നിക്ഷേപം നടത്തിയതെന്നും ഇപി ജയരാജൻ പറയുന്നു.
Discussion about this post