കൊച്ചി; തുടർച്ചയായ ഒമ്പതാം ദിവസവും വിഷപ്പുക ശ്വസിച്ച് ദുരിതത്തിലായിരിക്കുകയാണ് കൊച്ചി നിവാസികൾ. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം കൊച്ചിക്കാരെ അത്രയേറെ ബാധിച്ചു കഴിഞ്ഞു. നിരവധി പേരാണ് ശ്വാസതടസ്സം പോലുള്ള ശാരീരികാസ്വസ്ഥകളുമായി ആശുപത്രിയെ സമീപിക്കുന്നത്.
കൊച്ചിയിലും പരിസരങ്ങളിലുമുള്ളവർക്ക് വിഷപ്പുകയിൽനിന്ന് മോചനത്തിനായി രണ്ട് പരിഹാരങ്ങൾ നിർദ്ദേശിക്കുകയാണ് ഡോ. പ്രസാദ് പോൾ. വളരെ ലളിതമായി ആർക്കും പ്രയോഗിക്കാവുന്ന മാർഗങ്ങളാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്.
ഡയോക്‌സിൻ അടക്കമുള്ള; വിഷവാതകങ്ങൾ പുകയോടൊപ്പമാണ് പുറത്തുവരുന്നതെന്നത് അൽപ്പം ആശ്വാസമുള്ള കാര്യമാണ്. പുക എന്നാൽ വായുവിൽ തങ്ങിനിൽക്കുന്ന നാനോ മീറ്റർ അളവിലുള്ള കാർബൺ തരികളാണ്(PM – particulate matter). ഉയർന്ന താപത്തിൽ ഉണ്ടാവുന്നതുകൊണ്ട് അതിലെ ഓരോ തരികളും ആക്റ്റിവേറ്റഡ് കാർബൺ അവസ്ഥയിലായിരിക്കും എന്നതുകൊണ്ട് അവ ചുറ്റിലുമുള്ള സകല വിഷവാതകങ്ങളെയും തങ്ങളിലേക്ക് adsorb ചെയ്യും(absorb അല്ല) അതിനാൽ പുറത്തിറങ്ങുമ്പോൾ വളരെ ചെറിയ സുഷിരങ്ങളുള്ള N95(pore size – 0.1 to 0.3 micron) അല്ലെങ്കിൽ അതിലും ചെറിയ സുഷിരങ്ങളുള്ള മാസ്‌ക്കുകൾ ഉപയോഗിച്ചാൽ വിഷവാതക മുക്ത വായു ശ്വസിക്കാനാവും എന്നത് ചെറിയൊരു ആശ്വാസമല്ല. അതുകൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ അത്തരം മാസ്‌ക്കുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് ഡോ. പ്രസാദ് പോൾ നിർദ്ദേശിക്കുന്നു.
രണ്ടാമതായി, വീട്ടിലെ മുറികളിൽ അവിടവിടെയായി പരന്ന ട്രേകളിൽ ആക്റ്റിവേറ്റഡ് ചാർക്കോൾ ഘനം കുറച്ചു നിരത്തിയിടുക. ദിവസം രണ്ടു പ്രാവശ്യമെങ്കിലും അത് ഒന്നിളക്കി വയ്ക്കുക(അടച്ചിട്ട AC മുറികളിൽ ഇത് വളരെ ഫലപ്രദമാണ്. ആക്റ്റിവേറ്റഡ് ചാർക്കോൾ ആമസോൺ പോലുള്ള ഓൺലൈൻ സൈറ്റുകളിൽ കിട്ടും. അതില്ലെങ്കിൽ പകരം ചിരട്ടക്കരി ചെറുതായി ഉടച്ചു നിരത്തിയാലും മതിയാവും. കൊച്ചു കുട്ടികൾ, പ്രായമായവർ എന്തെങ്കിലും മറ്റു രോഗങ്ങൾ ഒക്കെയുള്ളവർ ഉറങ്ങുന്ന മുറികളിൽ ഇത് നിശ്ചയമായും ചെയ്തിരിക്കണം. രണ്ടാഴ്ചയിലൊരിക്കൽ അത് മാറ്റി വേറെ ഇടണം.
ഇന്ന് ശാസ്ത്രത്തിന് അറിയാവുന്നതിൽ വച്ച് ഏറ്റവും കാര്യക്ഷമമായി വിഷവാതകങ്ങളെ വലിച്ചെടുക്കാൻ കഴിയുന്ന ഏക വസ്തു ആക്റ്റിവേറ്റഡ് ചാർക്കോൾ മാത്രമാണ്. നമ്മുടെ ഫ്രഷ് ചിരട്ടക്കരി ഏതാണ്ട് അതിന് സമമായ ഗുണങ്ങൾ ഉള്ള വിലപ്പെട്ട ആരോഗ്യം സംരക്ഷിക്കാൻ പ്രാപ്തമായ വസ്തുവാണ്.
വീടിനുള്ളിൽ ആക്റ്റിവേറ്റഡ് കാർബൺ/ചിരട്ടക്കരി, വീടിനു പുറത്ത് ആക്റ്റിവേറ്റഡ് ചാർക്കോൾ ഫിൽറ്റർ ഉള്ള മാസ്‌ക്ക്, അല്ലെങ്കിൽ N95 പോലുള്ളവ(ഗുണനിലവാരം ഉറപ്പാക്കിയത്) എന്നീ രണ്ടു ചിട്ടകൾ നിർബന്ധപൂർവ്വം പാലിച്ചാൽ തൽക്കാലത്തേക്ക് രക്ഷനേടാനാവുമെന്ന് തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏത് ഭീകര പ്രശ്‌നത്തിനും അതിലളിതമായ പരിഹാരവുമുണ്ടെന്നത് എത്ര ആശ്വാസകരമായ കാര്യമാണ്?പ്രിയപ്പെട്ട കൊച്ചിക്കാരേ, പുകയെത്തുന്നിടങ്ങളിൽ താമസിക്കുന്നവരേ എന്റെ ഈ എളിയ നിർദേശങ്ങളോട് മുഖംതിരിച്ചു കളയരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് ഡോ. പ്രസാദ് പോൾ കൂട്ടിച്ചേർത്തു.
Discussion about this post