മസ്തിഷ്‌ക ആഘാതം അഥവാ സ്‌ട്രോക്ക് ഉണ്ടാകുന്നത് തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴോ അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ രക്തക്കുഴല്‍ പൊട്ടുമ്പോഴോ ആണ്. രണ്ടായാലും പ്രത്യാഘാതം വളരെ വലുതാണ്. തലച്ചോറിലെ കോശകലകള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും കിട്ടാതെ വരികയും മിനിട്ടുകള്‍ക്കുള്ളില്‍ കോശങ്ങള്‍ നശിച്ചുതുടങ്ങുകയും ചെയ്യുന്നു. ഇതുമൂലം തലച്ചോറിന് കാര്യമായ തകരാറുണ്ടാകുകയോ രോഗി മരണപ്പെടുകയോ ചെയ്യാം. അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന സാഹചര്യമാണ് സ്‌ട്രോക്ക്. സ്‌ട്രോക്ക് വന്നയാള്‍ക്ക് ഏറ്റവും പെട്ടെന്നുള്ള ചികിത്സ ലഭ്യമാക്കുന്നത് രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിലും പിന്നീടുണ്ടകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിലും വളരെ നിര്‍ണ്ണായകമാകും.
സ്‌ട്രോക്ക് പോലെ തന്നെയുള്ള മറ്റൊരു രോഗാവസ്ഥയാണ് ഐ സ്‌ട്രോക്ക്. മസ്തിഷക ആഘാതവുമായി ഐ സ്‌ട്രോക്കിന് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. സ്ര്‌ടോക്ക് പോലെ തന്നെ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കേണ്ട ഒന്നുതന്നെയാണ് ഐ സ്‌ട്രോക്കും.
എന്താണ് ഐ സ്‌ട്രോക്ക്?
നേത്രനാഡിയുടെ മുന്‍ഭാഗത്തുള്ള കോശജാലത്തിലേക്ക് ആവശ്യത്തിന് രക്തം എത്താത്തത് കൊണ്ടുണ്ടാകുന്ന അവസ്ഥയാണ് ഐ സ്‌ട്രോക്ക്. ഇത് വളരെ അപകടകരമായ സാഹചര്യമാണ്. പക്ഷേ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ഐ സ്‌ട്രോക്ക് ഒരുപക്ഷേ സ്‌ട്രോക്കിന്റെ ലക്ഷണമാകാമെന്നാണ് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പറയുന്നത്.
ലക്ഷണങ്ങള്‍ എന്തെല്ലാം?
നേത്രനാഡിയിലെ കോശങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നത് മൂലം കാഴ്ച മങ്ങല്‍, കണ്ണിനുള്ളില്‍ ഇരുണ്ട ഭാഗങ്ങള്‍ രൂപപ്പെടല്‍ പോലുള്ള വളരെ പെട്ടെന്നുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ലക്ഷണം ഐ സ്‌ട്രോക്കുണ്ടാകുമ്പോള്‍ അത് പലപ്പോഴും ഒരു കണ്ണിനെ ആയിരിക്കും ബാധിക്കുക എന്നതായിരിക്കും.
കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത
കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാല്‍ രോഗിക്ക് കാഴ്ച തിരികെ ലഭിക്കും, എന്നാല്‍ ചികിത്സ വൈകിയാല്‍ നേത്രനാഡിയുടെ മുന്‍ഭാഗത്തുള്ള കോശങ്ങളിലേക്ക് രക്തമെത്താത് മൂലം കാഴ്ചയെ സാരമായി ബാധിച്ചേക്കും. നേത്രനാഡിയിലേക്ക് തീരെ ഓക്‌സിജനും പോഷകവും എത്താതിരുന്നാല്‍ അത് നാഡീകലകളെ നശിപ്പിക്കുകയും അങ്ങനെ ചിലപ്പോള്‍ കാഴ്ച നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ആദ്യ ലക്ഷണങ്ങള്‍ എപ്പോഴുണ്ടാകും?
പെൻസിൽവേനിയ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റ് വിവരങ്ങള്‍ അനുസരിച്ച്, ഐ സ്‌ട്രോക്ക് വന്നിട്ടുള്ള മിക്കവര്‍ക്കും ലക്ഷണങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങുന്നത് രാവിലെ ഉറക്കമേഴുന്നേല്‍ക്കുന്നത് മുതലാണ്. കാഴ്ചാപ്രശ്‌നങ്ങളായിരിക്കും ആദ്യം. കാഴ്ചയില്‍ മങ്ങലോ കറുത്ത ഭാഗങ്ങളോ നിഴല്‍ പോലെയോ ഒക്കെ അനുഭവപ്പെടാം. വെളിച്ചത്തോടുള്ള കണ്ണുകളുടെ സംവേദനശക്തി കുറയുന്നതും മറ്റൊരു ലക്ഷണാണ്. എന്നാല്‍ കണ്ണുകളില്‍ വേദന ഉണ്ടാകില്ല.
ഐ സ്‌ട്രോക്ക് ഉണ്ടാകുന്നത് ആര്‍ക്കൊക്കെ?
കാര്‍ഡിയോവാസ്‌കുലാര്‍ (ഹൃദയ, രക്ത സംബന്ധ) രോഗങ്ങള്‍ ഉള്ളവരുിലും വയാഗ്ര ഉപയോഗിക്കുന്നവരിലുമാണ് ഐ സ്‌ട്രോക്ക് കൂടുതലായും കണ്ടുവരുന്നത്. എന്നാല്‍ ഇവ തമ്മിലുള്ള ബന്ധം വ്യക്തമല്ല. ഒപ്ടിക് ഡിസ്‌ക് അഥവാ നേത്രനാഡിയുടെ തലഭാഗത്തിന്റെ ആകൃതിയും ഐ സ്‌ട്രോക്ക് ഉണ്ടാകുന്നതില്‍ ഒരു ഘടകമാണ്. തലച്ചോറിലേക്കും താഴെയുള്ള നേത്രനാഡിയിലേക്കും സഞ്ചരിക്കുന്ന നാഡീ ഫൈബറുകള്‍ ഓപ്ടിക് ഫോറമെന്‍ എന്ന സുഷിരത്തിലൂടെയാണ് കണ്ണിലേക്ക് കടക്കുന്നത്. ഒരു വ്യക്തിയുടെ ഫോറമെന്‍ ശരാശരിയിലും ചെറുതാണെങ്കില്‍ നേത്രനാഡികളില്‍ ഇവയെല്ലാം കൂടി തിങ്ങിയിരിക്കാനും അത് രക്തത്തിന്റെ സുഗമമായ ഒഴുക്കിന് തടസമുണ്ടാക്കാനും സാധ്യതയുണ്ട്.
ഐ സ്‌ട്രോക്ക് പെട്ടെന്ന് എങ്ങനെ തിരിച്ചറിയാം?
ആകസ്മികമായി കാഴ്ച നഷ്ടപ്പെട്ടാല്‍ എത്രയും വേഗം ആരോഗ്യവിദഗ്ധനെ കാണണം. സാധാരണയായി ഐ സ്‌ട്രോക്കുണ്ടായി നാലു മണിക്കൂറിനകം ഇക്കാര്യം തിരിച്ചറിയാന്‍ സാധിച്ചാല്‍ കണ്ണ് മസാജ് ചെയ്ത് രക്ത ഒഴുക്കിന് തടസ്സമായ രക്തക്കട്ട അലിയിച്ച് കളയാന്‍ സാധിക്കും.
Discussion about this post