കുട്ടനാട്: എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ. കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. കായൽ മേഖലയിൽ കൊയ്തിട്ട നെല്ല് ചുമക്കുന്ന തൊഴിലാളികൾക്കാണ് സിഐടിയു സിപിഎം പ്രാദേശിക നേതാക്കൾ മുന്നറിയിപ്പ് നൽകിയത്. നെടുമുടിയിൽ ജനകീയ പ്രതിരോധ ജാഥ എത്തുമ്പോൾ വരാനാകില്ലെന്ന് അറിയിച്ച തൊഴിലാളിയോട് ഇനി ജോലിക്ക് എത്തേണ്ടതില്ലെന്ന് ലോക്കൽ സെക്രട്ടറി പറയുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. കൈനകരി നോർത്ത് ലോക്കൽ സെക്രട്ടറി പി.രതീശനാണ് തൊഴിലാളിയോട് ഭീഷണി മുഴക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ജനകീയ പ്രതിരോധ യാത്രയ്ക്ക് നെടുമുടിയിൽ സ്വീകരണം നൽകുന്നത്. നിലവിൽ കുട്ടനാട്ടിലെ കായൽ മേഖലയിൽ പുഞ്ച കൃഷിയുടെ കൊയ്ത്ത് നടക്കുകയാണ്. ഇവിടെ നെല്ല് ചുമക്കുന്ന 172 തൊഴിലാളികളോടാണ് ജാഥയുടെ സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. പാർട്ടി പരിപാടിക്ക് എത്തിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ജോലി ഉണ്ടാകില്ലെന്നും ഇയാൾ മുന്നറിയിപ്പ് നൽകുന്നു.
ജാഥയിൽ ആളെക്കൂട്ടാൻ കുടംബശ്രീകളിൽ ഉൾപ്പെടെ ഭീഷണി മുഴക്കുന്നതിന്റെ ശബ്ദസന്ദേശങ്ങൾ നേരത്തേയും പുറത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ കുട്ടനാട്ടിലും ഉണ്ടായിരിക്കുന്നത്. നൂറ് കണക്കിന് തൊഴിലാളികളാണ് മേഖലയിൽ കയറ്റിറക്ക് ജോലികളിൽ പങ്കെടുക്കുന്നത്. തൊഴിലാളികളിൽ ഭൂരിഭാഗം പേരും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമല്ല. സ്വതന്ത്രമായി ജോലി ചെയ്യുന്നവരാണ് ഇവരിൽ പലരും. ഇവരോടാണ് ഇപ്പോൾ ജാഥയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.
Discussion about this post