തൊടുപുഴ : വർഷങ്ങൾക്ക് ശേഷം പൂർവ വിദ്യാർത്ഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടിയ കമിതാക്കൾ കുടുംബത്തെ ഉപേക്ഷിച്ച് ഒളിച്ചോടി. അൻപതു വയസ് പിന്നിട്ട ഇടുക്കി കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയുമാണ് ഒളിച്ചോടിയത്. എറണാകുളം മൂവാറ്റുപുഴയിൽ നടന്ന 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് 35 വർഷത്തിന് ശേഷം ഇവർ വീണ്ടും കണ്ടുമുട്ടിയത്.
ഇരുവർക്കും കുടുംബവും കുട്ടികളുമുണ്ടായിരുന്നു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ശേഷം മൂന്ന് ആഴ്ചയോളം ഇരുവരും കൂടിയാലോചനകൾ നടത്തി. തുടർന്നാണ് വീട്ടമ്മ മക്കളെ ഉപേക്ഷിച്ച് ഇയാൾക്കൊപ്പം ഇറങ്ങിപ്പോയത്.
വീട്ടമ്മയെ കാണാനില്ലെന്ന് ഭർത്താവ് കരിമണ്ണൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് മൂവാറ്റുപുഴ സ്വദേശിയുടെ ഭാര്യയും പരാതിയുമായെത്തി. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്.
തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ ഇവർ സഞ്ചരിക്കുന്നതായി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മൂവാറ്റുപുഴ പോലീസിന്റെ നിർദ്ദേശപ്രകാരം ഇവർ ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ എത്തി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post