കൊച്ചി: ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. പ്രകൃതി ദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ് ബ്രഹ്‌മപുരത്തേതെന്ന് മോഹൻലാൽ വിമർശിച്ചു. ‘5 വർഷം മുൻപു ഒരു കുറിപ്പിൽ മാലിന്യം കൈ വിട്ടുപോകുന്ന പ്രശ്‌നമാകുമെന്നു ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആയിരക്കണക്കിനാളുകളുടെ ആശങ്കയായിരുന്നു അത്. ആ കത്തു ഞാൻ മുഖ്യമന്ത്രിക്കും നൽകിയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് ആരുടെ വീഴ്ചയാണെന്നു തർക്കിക്കുമ്പോൾ ഇതിനുള്ള അടിയന്തര പരിഹാരം ചർച്ച ചെയ്യാതെ പോകുകയാണെന്നും ഈ പുക കൊച്ചിയിൽ മാത്രം നിൽക്കുമെന്നു കരുതരുതെന്നും താരം പറഞ്ഞു.
കൊച്ചിയിൽ ആയിരക്കണക്കിനു അമ്മമാരും മുതിർന്ന ആളുകളും ജനിച്ചു വീണ കുട്ടികളും വിങ്ങി വിങ്ങി കഴിയുന്നു എന്നതു പേടിപ്പെടുത്തുന്ന സത്യമാണെന്നും ഏറെ ദിവസമായി ഇതെല്ലാം വലിയ വേദനയാണ് ഉണ്ടാക്കുന്നത്. പുക രോഗങ്ങളിലേക്കാണവരെ കൊണ്ടുപോകുന്നത്. ജീവിതം മുഴുവൻ അവരിതു അനുഭവിക്കേണ്ടി വന്നേക്കാം. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.
കൃത്യമായൊരു സംവിധാനം ഉണ്ടായാൽ ആരും മാലിന്യം കവറിലാക്കി കളയില്ല. അത്തരമൊരു സംവിധാനം നമുക്കില്ല എന്നതാണു പ്രധാന കാരണം. പരസ്പരം കുറ്റം പറയുന്നതിന് പകരം നാം ചെയ്യേണ്ട കാര്യങ്ങളും സംസ്‌കരണത്തിന് സ്വയം സജ്ജരാകുകയെന്നതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Discussion about this post