യോഗ പോലെ ആളുകള്‍ ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്ന മാനസിക, ശാരീരിക ക്ഷേമചര്യ വേറെയുണ്ടാകില്ല. ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമാണെങ്കിലും ലോകമെമ്പാടും യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. ശാരീരികവും മാനസികവുമായ ശാക്തീകരണമാണ് യോഗ ലക്ഷ്യമിടുന്നത്. വല്ലപ്പോഴും ചെയ്യുന്നതിനേക്കാളും യോഗ ഒരു ദിനചര്യയാക്കുന്നതാണ് അത് കൊണ്ടുള്ള ഫലങ്ങള്‍ പൂര്‍ണ്ണമായി നേടാന്‍ ഉചിതം. എന്നാല്‍ പലര്‍ക്കും യോഗ ചെയ്തുതുടങ്ങാന്‍ മടിയാണ്. എന്നാല്‍ ഒരിക്കല്‍ ആരംഭിച്ചാല്‍ യോഗ ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നതാണ് വാസ്തവം. മടിയുള്ളവര്‍ക്ക് ദിവസവും യോഗ ചെയ്തുതുടങ്ങാന്‍ ചില എളുപ്പവഴികള്‍ ഉണ്ട്.
സമയമുള്ളപ്പോള്‍ യോഗ എന്ന ശീലം മാറ്റി കൃത്യമായ ഒരു സമയം എന്നും യോഗക്കായി മാറ്റിവെക്കുക. ഇതിനായി നിങ്ങള്‍ക്കിഷ്ടമുള്ള ഒരു സ്ഥലവും കണ്ടെത്തുക. സമയമുള്ളപ്പോള്‍ എന്നതുമാറി കൃത്യമായൊരു സമയമുണ്ടെങ്കില്‍ ആ സമയം അതിന് വേണ്ടി തന്നെ വിനിയോഗിക്കാന്‍ ശ്രമിക്കും.
ആദ്യം തന്നെ ഒരു യോഗാചാര്യന്റെ അടുക്കല്‍ പോയി യോഗ യോഗ പഠിക്കുന്നവര്‍ വളരെ കുറവായിരിക്കും. അതിനുള്ള സാഹചര്യം ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈനായി ലഭ്യമായ യോഗ പഠന സാമഗ്രികള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. വീഡിയോ, ട്യൂട്ടോറിയലുകള്‍, ആപ്പുകള്‍ തുടങ്ങി നിരവധി ഓണ്‍ലൈന്‍ യോഗ പഠന സാധ്യതകള്‍ ഇന്നുണ്ട്. ഇതില്‍ നിങ്ങള്‍ക്ക് യോജിച്ചതും വിശ്വസിനീയവുമായ സ്രോതസ്സുകള്‍ തിരഞ്ഞെടുക്കുക.
ലളിതവും സങ്കീര്‍ണ്ണവുമായ യോഗമുറകള്‍ ഉണ്ട്. സങ്കീര്‍ണ്ണമായവ ആദ്യം തന്നെ ചെയ്യാതെ, ആരംഭത്തില്‍ ലളിതമായവ ചെയ്യുക. ഇത്തരം വ്യായാമ മുറകള്‍ യോഗരീതികള്‍ മനസിലാക്കാനും ശരീരത്തിന് വഴക്കം നേടാനും സഹായിക്കും.
ഒറ്റയ്ക്ക് യോഗ ചെയ്യാന്‍ മടിയുള്ളവര്‍ ഒപ്പം യോഗ ചെയ്യാനായി ഒരാളെ കണ്ടുപിടിക്കുക. സുഹൃത്തോ ജീവിതപങ്കാളിയോ കുടുംബാംഗങ്ങളില്‍ ആരെങ്കിലുമോ ആകാം. ഒപ്പമൊരാള്‍ ഉണ്ടെങ്കില്‍ മടി പകുതി മാറും.
കഠിനമായ വ്യായാമമുറകള്‍ക്ക് ആദ്യം തന്നെ ശ്രമിക്കരുതെന്ന് പറഞ്ഞല്ലോ. ആദ്യശ്രമത്തില്‍ തന്നെ എല്ലാ മുറകളും സ്വായത്തമാക്കാനാകില്ല. ക്രമേണയുള്ള പരിശീലനത്തിലൂടെ മാത്രമേ ശരീരം സങ്കീര്‍ണ്ണമായ യോഗ മുറകള്‍ ചെയ്യാന്‍ പര്യാപ്തമാകുകയുള്ളു. ഏതെങ്കിലുമൊരു മുറ ശരിയായില്ലെന്നോര്‍ന്ന് നിരാശരാകരുത്. പറ്റുന്നത് പോലെ ചെയ്ത് പൂര്‍ണ്ണതയ്ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുക.
Discussion about this post