കണ്ണൂർ: വളപട്ടണത്ത് പോലീസ് സ്‌റ്റേഷൻ വളപ്പിൽ സൂക്ഷിച്ച വാഹനങ്ങൾക്ക് തീയിട്ട പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാണ്ടി ഷമീമാണ് അറസ്റ്റിലായത്. വാഹനങ്ങൾക്ക് തീയിട്ട ശേഷം ഒളിവിൽ പോയ ഇയാളെ അതി സാഹസികമായാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ വളപ്പിൽ അതിക്രമിച്ച് കയറി വാഹനങ്ങൾക്ക് തീയിട്ടത്. ഇതിന് ശേഷം അവിടെ നിന്നും കടന്ന് കളയുകയായിരുന്നു. ഇയാൾക്കായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷണം നടത്തി. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ ചിറക്കൽ പുഴാതിയിലെ പഴയ കെട്ടിടത്തിൽ ഇയാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ പോലീസ് പിടികൂടാൻ ശ്രമിച്ചു. എന്നാൽ ഇയാൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാരന് പരിക്കുണ്ട്. ബലപ്രയോഗത്തിലൂടെ അതി സാഹസികമായായിരുന്നു ഇയാളെ പോലീസ് പിടികൂടി സ്‌റ്റേഷനിൽ എത്തിച്ചത്.
ആത്മീയ വേഷം ധരിച്ച് നടക്കുന്ന ഷമീമിനെതിരെ 23 ലധികം ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ഡിസംബർ 1 നായിരുന്നു കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഇയാൾ വാഹനങ്ങൾക്ക് തീയിട്ടത്.
ഫേസ്ബുക്കിൽ പോലീസിനെതിരെ പോസ്റ്റിട്ട ശേഷമായിരുന്നു ഷമീം ആക്രമണം നടത്തിയത്. എന്റെ ഏട്ടനെ തൊട്ടവൻമാരുടെ കൈ ഞാൻ വെട്ടും. വെയിറ്റ് ആൻഡ് സീ. ഏത് പോലീസായായും പട്ടാളമായാലും ശരി’ എന്നായിരുന്നു സന്ദേശത്തിലെ വാചകം. ഇതിന് മുൻപും ഇയാൾ പോലീസുകാരെ ആക്രമിച്ചിരുന്നു. കേസുകളിൽ കസ്റ്റഡിയിലെടുക്കുമ്പോൾ തക്ബീർ മുഴക്കിയും വർഗീയപരാമർശങ്ങൾ നടത്തിയും പോലീസിനെ പ്രകോപിക്കുന്നത് ഇയാളുടെ ശൈലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. 2018 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലും പോലീസ് അതി സാഹസികമായാണ് ഇയാളെ പിടികൂടിയത്.
Discussion about this post