ഇടുക്കി: വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് സഹപ്രവർത്തകനായ അദ്ധ്യാപകൻ അപമാനിച്ചുവെന്ന പരാതിയുമായി അദ്ധ്യാപിക. അടിമാലി ഇരുമ്പുപാലം ഗവണ്മെന്റ് എൽ പി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി എം ഷമീമിനെതിരെയാണ് ഇതേ സ്കൂളിലെ താത്കാലിക അദ്ധ്യാപിക പരാതി നൽകിയിരിക്കുന്നത്. ഷമീം തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നും വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും അദ്ധ്യാപിക പരാതിയിൽ പറയുന്നു.
നിലവിൽ ഷമീം ഒളിവിലാണ്. ഇയാൾക്കെതിരെ പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം കേസെടുത്തു. ഫെബ്രുവരി 15നായിരുന്നു കേസിന് ആസ്പദമായ സംഭവം.
ക്ലാസ് എടുക്കുന്നതിനിടെ ഷമീം തന്നെ വിളിച്ചിറക്കി വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ജാതിപ്പേര് വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും ഷാൾ വലിച്ചൂരാൻ ശ്രമിച്ചെന്നുമാണ് അദ്ധ്യാപികയുടെ പരാതി. പിടിവലിക്കിടെ ചുരിദാർ കീറിപ്പോയെന്നും അദ്ധ്യാപിക പറയുന്നു.
ഷമീമിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണെന്ന് അദ്ധ്യാപിക മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇയാൾക്കെതിരെ അന്വേഷണം തുടരുകയാണ് എന്നാണ് പോലീസ് പറയുന്നത്.
Discussion about this post