തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ അരങ്ങേറിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ഇന്ന്. ഇന്ന് രാവിലെ എട്ടിന് സ്പീക്കറുടെ ഓഫീസിലാണ് യോഗം ചേരുക.
എംഎൽഎമാർക്ക് നേരെ ഉണ്ടായ വാച്ച് ആന്റ് വാർഡുമാരുടെ നടപടിക്കെതിരെ ആറ് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, എ കെ എം അഷ്‌റഫ് എന്നിവരാണ് പരാതി നൽകിയത്.അതേസമയം പ്രതിപക്ഷ എംഎൽഎമാർ മർദിച്ചെന്നാണ് വനിതാ വാച്ച് ആൻറ് വാർഡുകളുടെ പരാതി.
ഭരണകക്ഷിയംഗങ്ങളായ എച്ച്. സലാം, സച്ചിൻദേവ് എന്നിവർക്കെതിരെയും പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം.പരാതികളിൽ സ്പീക്കർ എടുക്കുന്ന നടപടിയാണ് പ്രധാനം
എംഎൽഎമാർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിക്കും.
അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് ഇന്നലെ പ്രതിഷേധം സംഘർഷത്തിലേക്ക് മാറിയത്.പോത്തൻകോട് പെൺകുട്ടിക്ക് നേരെയുണ്ടായ അക്രമം മുൻനിർത്തിയുള്ള സ്ത്രീസുരക്ഷയിലെ അടിയന്തിര പ്രമേയ നോട്ടീസിനാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്.
Discussion about this post