തിരുവനന്തപുരം; സമവായ ചർച്ചയ്ക്കായി സ്പീക്കർ എഎം ഷംസീർ വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗം പരാജയം. യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായി വാക് പോരുണ്ടായി.
എല്ലാ വിഷയത്തിലും അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി ഡി സതീശൻ നിലപാട് തീർത്തു പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇത്ര വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്ന് വി ഡി സതീശൻ തിരിച്ചടിച്ചു.
യോഗത്തിന് ശേഷം സഭാതലത്തിലെത്തിയ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സ്പീക്കറിന്റെ ഡയസിനു താഴെ പ്രതിഷേധം തുടരുന്നതിനിടെ ആദ്യം സ്പീക്കർ ചോദ്യോത്തര വേള സസ്‌പെൻഡ് ചെയ്തു. സഭാ നടപടികൾ സുഗമമായി നടത്തി കൊണ്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണ് എന്നും ചോദ്യോത്തര വേള റദ്ദാക്കുകയാണ് എന്നും സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി.
സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരമാണ് എന്ന് എഎൻ ഷംസീർ കുറ്റപ്പെടുത്തി. എന്നാൽ തങ്ങൾ സത്യഗ്രഹസമരമാണ് നടത്തിയത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്.
കഴിഞ്ഞ ദിവസം നടുത്തളത്തിൽ പ്രതിപക്ഷം സമാന്തര സഭ ചേർന്നതും സഭക്കകത്തെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തെത്തിച്ചതും സ്പീക്കർ ഉന്നയിച്ചു. ചെയറിന്റെ മുഖം മറക്കുന്ന രീതിയിൽ ബാനർ ഉയർത്തിയതും ഇക്കാര്യത്തിൽ അംഗങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും സ്പീക്കർ പറഞ്ഞു. ഇക്കാര്യത്തിൽ സ്പീക്കർ റൂളിംഗും നൽകി.
പ്രതിപക്ഷ പ്രതിഷേധം സഭാ ടി വിയിൽ കാണിക്കാത്തത് കൊണ്ടാണ് വീഡിയോ എടുത്ത് ജനങ്ങളെ അറിയിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. പ്രതിഷേധം കനത്തതോടെ സഭ നിർത്തിവയ്ക്കുകയായിരുന്നു.
Discussion about this post