ഹൈദരാബാദ്: ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രത്തിൽ ദർശനം നടത്തി തെലുങ്ക് നടി സാമന്ത പ്രഭു. പ്രദർശനത്തിനൊരുങ്ങുന്ന ചിത്രം ശാകുന്തളത്തിന്റെ പ്രമോഷൻ ആരംഭിക്കാനിരിക്കെയാണ് സാമന്ത ക്ഷേത്രത്തിൽ എത്തിയത്. നടിയ്‌ക്കൊപ്പം സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനും ഉണ്ടായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും താരം തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മയോസിറ്റിസ് രോഗം ബാധിച്ചതിനെ തുടർന്ന് ദീർഘനാളായി സാമന്ത ചികിത്സയിൽ ആയിരുന്നു. പൂർണ ആരോഗ്യവതിയായി തിരിച്ചുവന്നതിന് പിന്നാലെയാണ് ക്ഷേത്ര ദർശനം.
ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ സ്ഥിതി ചെയ്യുന്ന 150 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീ പെദ്ദമ്മ തള്ളി. ക്ഷേത്ര ദർശനം നടത്തുന്ന ദേവ് മോഹന്റെയും സാമന്തയുടെയും ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഏപ്രിൽ 14 നാണ് കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കിയുള്ള ചിത്രം ശാകുന്തളം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ശകുന്തളയായി അഭിനയിക്കുന്നത് സാമന്തയാണ്. ദുഷ്യന്തന്റെ വേഷം ചെയ്യുന്നത് ദേവ്‌മോഹനാണ്.
Discussion about this post