തിരുവനന്തപുരം : പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് നാൽപ്പത് വർഷം കഠിന തടവ് വിധിച്ച് കോടതി. ഇത് കൂടാതെ അറുപതിനായിരം രൂപ പിഴയുമൊടുക്കണം. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധികം തടവ് അനുഭവിക്കണം. ചിറയിൻകീഴ് അക്കോട്ടുവിള ചരുവിള പുത്തൻ വീട്ടിൽ മധു എന്ന ബാലനെയാണ് (48) കോടതി ശിക്ഷിച്ചത്.
കുട്ടിയെ ഹീനമായ പീഡനത്തിന് ഇരയാക്കിയ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞത്.
2020ൽ ലാണ് കേസിനാസ്പദമായ സംഭവം. കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ അണ്ടൂർ സ്‌കൂളിനടുത്തുള്ള ഒരു റബ്ബർ തോട്ടത്തിലേക്ക് കുട്ടിയെ കൊണ്ടുപോയി രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ഭക്ഷണവും മിഠായിയും വാങ്ങി നൽകി പ്രലോഭിപ്പിച്ചാണ് പീഡിപ്പിച്ചത്. പ്രതി ഭീഷണിപ്പെടുത്തിയതോടെ കുട്ടി ഈ വിവരം ആരോടും പറഞ്ഞില്ല. കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് വേദന സഹിക്കാനാവാതെ കരഞ്ഞു തുടങ്ങിയപ്പോഴാണ് അമ്മ ഇക്കാര്യം ശ്രദ്ധിച്ചത്.
കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പലരും ഇത്തരത്തിൽ കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. സംഭവത്തിൽ ചിറയിൻകീഴ് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി. മദ്യവും മയക്കു മരുന്നും ഭക്ഷണവും നൽകി പലരും പീഡിപ്പിച്ചതായി കുട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 5 കേസുകൾ കൂടി പോലീസ് റജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റു കേസുകൾ വിചാരണ ഘട്ടത്തിലാണ്.
Discussion about this post