സോൾ : അമേരിക്കയ്‌ക്കെതിരെ പോരാടാൻ ഉത്തര കൊറിയയിൽ യുവാക്കൾ സജ്ജമാണെന്ന റിപ്പോർട്ട്. എട്ട് ലക്ഷത്തോളം യുവാക്കളാണ് യുഎസിനെതിരെ പോരാടാൻ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഉത്തര കൊറിയയിലെ പ്രാദേശിക ദിനപത്രമായ റൊഡോങ് സിൻമണിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കയെ നേരിടാൻ സൈന്യത്തിൽ ചേരാൻ രാജ്യത്തുടനീളമുള്ള 800,000 വിദ്യാർത്ഥികളും തൊഴിലാളികളും ആഗ്രഹം പ്രകടിപ്പിച്ചതായി പത്രം റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തെ റിപ്പോർട്ട് മാത്രമാണിത്.
യുഎസ്-ദക്ഷിണകൊറിയ സൈനികാഭ്യാസത്തിന് മറുപടിയായി ഉത്തരകൊറിയ ഹ്വാസോങ്-17 ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) വിക്ഷേപിച്ചിരുന്നു. ആണവ ശക്തിയായ ഉത്തരകൊറിയയെ നേരിടാനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ടോക്കിയോയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള കടലിലേക്ക് ഉത്തരകൊറിയ മിസൈൽ വിക്ഷേപിച്ചത്.
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പ്രകാരം ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈലുകൾ നിരോധിച്ചിരിക്കുകയാണ്. എന്നാൽ നിയമം ലംഘിച്ചുകൊണ്ട് ഉത്തര കൊറിയ നടത്തിയ പ്രവൃത്തിക്കെതിരെ ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും ശക്തമായി അപലപിച്ചു.
അയൽ രാജ്യത്ത് നിന്ന് ഭീഷണി നേരിടുന്നതിന്റെ ഭാഗമായാണ് ദക്ഷിണ കൊറിയയും അമേരിക്കയും 11 ദിവസത്തെ സൈനികാഭ്യാസം ആരംഭിച്ചത്. എന്നാൽ സൈനികാഭ്യാസത്തിലൂടെ അമേരിക്കയും ദക്ഷിണ കൊറിയയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണെന്നാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ആരോപിച്ചത്.
Discussion about this post