ലക്‌നൗ: ഏറ്റവും കൂടുതൽ തവണ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയായ ശേഷം നൂറിലധികം തവണയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. എല്ലാ വിശേഷാവസരങ്ങളിലും യോഗി ആദിത്യനാഥ് കാശിയിലെത്താറുണ്ട്.
കഴിഞ്ഞ ആറ് വർഷത്തിനിടെ 113 പ്രാവശ്യമാണ് യോഗി ക്ഷേത്രത്തിൽ എത്തിയത്. വെള്ളിയാഴ്ചയായിരുന്നു 113ാമത്തെ അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. 2017 ലായിരുന്നു മുഖ്യമന്ത്രിയായി യോഗി ആധികാരത്തിലേറിയത്. അന്ന് മുതൽ 21 ദിവസത്തിൽ ഒരിക്കൽ അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്. വിവിധ വഴിപാടുകൾ നേർന്നും, വിവിധ പൂജകളിൽ പങ്കെടുക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം എല്ലായ്‌പ്പോഴും ക്ഷേത്രത്തിൽ നിന്നും മടങ്ങാറുള്ളത്.
ദ്വിദിന സന്ദർശനത്തിനായാണ് യോഗി വരാണാസിയിൽ വെള്ളിയാഴ്ച എത്തിയത്. ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ സ്ഥലത്തെ വികസന പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വികസനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും യോഗിയുടെ നേതൃത്വത്തിൽ സർക്കാർ ചെയ്തുകൊടുക്കുന്നുണ്ട്.
അടിക്കടിയുള്ള അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം സനാതന ധർമ്മത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എത്രത്തോളമുണ്ടെന്നാണ് വ്യക്തമാക്കുന്നത് എന്ന് കാശി വിശ്വനാഥ ക്ഷേത്ര പൂജാരി നീരജ് കുമാർ പാണ്ഡെ പറഞ്ഞു. അതേസമയം അധികാരത്തിലേറിയ ശേഷം യോഗി ആദിത്യനാഥ് വിശ്വേശ്വര ക്ഷേത്രത്തിൽ 77 തവണയാണ് ദർശനം നടത്തിയിട്ടുള്ളത്.
Discussion about this post