ചണ്ഡീഗഢ്: ഖാലിസ്ഥാൻ അനുകൂല സംഘടന വാരിസ് പഞ്ചാബ് ദേക്കെതിരെ നടപടികൾ ശക്തമാക്കി പഞ്ചാബ് പോലീസ്. വാരിസ് പഞ്ചാബ് ദേ നേതാവ് അമൃതപാൽ സിംഗിനെതിരെ അന്വേഷണം ഊർജ്ജിതമാണെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.
വാരിസ് പഞ്ചാബ് ദേ നേതാക്കൾക്കെതിരെ കേന്ദ്ര സംസ്ഥാന ഏജൻസികൾ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംഘടനയുമായി ബന്ധപ്പെട്ട് 78 പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി നിരവധി പേരെ കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുണ്ട്.
അമൃതപാൽ സിംഗ് ഉൾപ്പെടെ നിരവധി നേതാക്കൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടന്ന തിരച്ചിലുകൾക്കിടെ റൈഫിളുകളും റിവോൾവറുകളും ഉൾപ്പെടെ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു.
വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ, കൊലപാതക ശ്രമം, പോലീസിനെതിരായ ആക്രമണം, സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം വാരിസ് പഞ്ചാബ് ദേ നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പഞ്ചാബിലെ വിവിധ ജില്ലകളിൽ ഉച്ച വരെ മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തി വെച്ചിരുന്നു.
അതിനിടെ പാകിസ്താൻ പിന്തുണയോടെ ഖാലിസ്ഥാൻവാദികൾ സംസ്ഥാനത്ത് അസ്ഥിരത പടർത്താൻ ശ്രമിക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചു. ഭിന്ദ്രൻവാല രണ്ടാമനാകാനുള്ള ശ്രമമാണ് അമൃതപാൽ സിംഗ് നടത്തുന്നത്. അത് വിലപ്പോവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് അതീവ പ്രാധാന്യം നൽകുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Discussion about this post