പത്തനംതിട്ട : പത്തനംതിട്ടയിൽ കോൺഗ്രസിന്റെ പദയാത്രയ്ക്ക് നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ ജില്ലാ നേതാവിനെതിരെ നടപടി. ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ എംസി ഷെരീഫിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കോൺഗ്രസിന്റെ ഹാഥ് സേ ഹാഥ് യാത്രയ്ക്ക് നേരെയാണ് മുട്ടയേറ് ഉണ്ടായത്.
പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ഷെരീഫിനെ നീക്കിയിട്ടുണ്ട്. ഡിസിസി ജനറൽ സെക്രട്ടറിയുടെ നടപടി അച്ചടക്ക ലംഘനമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഗുരുതരമായ തെറ്റാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കി.
ഇന്നലെ വൈകിട്ടോടെയാണ് ജാഥയ്ക്ക് നേരെ ഷെരീഫിന്റെ നേതൃത്വത്തിൽ മുട്ടയേറ് നടത്തിയത്. കോൺഗ്രസ് നഗരസഭാ കൗൺസിലർമാരായ എ സുരേഷ്‌കുമാറും കെ ജാസിംകുട്ടിയും പങ്കെടുത്ത പദയാത്ര പത്തനംതിട്ട വലഞ്ചുഴിയിൽ എത്തിയപ്പോഴാണ് മുട്ടയേറുണ്ടായത്. പദയാത്രയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി എം എം നസീറിന്റെ വാഹനത്തിന് നേരെ കല്ലേറും ഉണ്ടായി.
Discussion about this post