തിരുവനന്തപുരം: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച എം എൽ എ രാജയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയിൽ പോകാനുള്ള സിപിഎം നീക്കം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇതിലെങ്കിലും സാങ്കേതികത്വം പറഞ്ഞ് കടിച്ചു തൂങ്ങരുത്. ഭരണഘടനയോട് എന്തെങ്കിലും തരത്തിലുള്ള ബഹുമാനം ഉണ്ടെങ്കിൽ എംഎൽഎ രാജി വെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ധാർമ്മികതയും സിപിഐഎമ്മും തമ്മിൽ പുലബന്ധം പോലും ഇല്ലാ എന്നറിയാം. എങ്കിലും ഭാവി തലമുറയോട് ഗീർവാണം അടിക്കാൻ എങ്കിലും ഇത് ചെയ്യണമെന്നും സന്ദീപ് വാചസ്പതി പരിഹസിച്ചു.
കേരളത്തിലെ പിന്നാക്ക സമുദായങ്ങളെ എൽഡിഎഫും യുഡിഎഫും ചതിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ദേവികുളം എം.എൽ.എയും സി.പി.എം നേതാവുമായ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പട്ടികജാതി സംവരണ സീറ്റുകളിൽ പോലും കേരളത്തിൽ പട്ടികജാതിക്കാരല്ല തെരഞ്ഞെടുക്കപ്പെടുന്നത് എന്ന വസ്തുത പട്ടികജാതി ജനവിഭാഗങ്ങളോടുള്ള കേരളത്തിലെ ഭരണനേതൃത്വത്തിന്റെ മനോഭാവത്തെ തുറന്നു കാണിക്കുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post