മുംബൈ: മുംബൈയിൽ വൻ ലഹരി വേട്ട. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 70 കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ കർശന പരിശോധന നടത്തിയത്. എത്യോപ്യൻ സ്വദേശിയായ യാത്രക്കാരനെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് വിശദമായി പരിശോധിക്കുകയായിരുന്നു. ഇയാളുടെ ബാഗിൽ നിന്നും 9.97 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിന് 70 കോടിയോളം രൂപ വില വരുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
മുംബൈയിലെ ഒരു ഹോട്ടലിൽ എത്തിക്കേണ്ടതുണ്ടെന്നും, വാങ്ങാനുള്ള ആൾ അവിടെ എത്തുമെന്നും എത്യോപ്യൻ സ്വദേശി മൊഴി നൽകിയിരുന്നു. ഇതോടെ ഇയാൾ പറഞ്ഞ ഹോട്ടലിലും പരിസര പ്രദേശങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷണം കർശനമാക്കി. മയക്കുമരുന്ന് വാങ്ങാനായി ഹോട്ടലിൽ എത്തിയ നൈജീരിയൻ പൗരനെയാണ് രണ്ടാമതായി അറസ്റ്റ് ചെയ്തത്.
നൈജീരിയൻ പൗരനായ വ്യക്തി താമസിച്ചിരുന്ന വീട്ടിൽ നിന്നും ചെറിയ അളവിൽ കൊക്കെയ്‌നും ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്. ഇരുവർക്കുമെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇരുവരേയും കസ്റ്റഡിയിൽ വിട്ടുവെന്നും ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post