തിരുവനന്തപുരം: ഈ മാസം 30ാം തിയതി വരെ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം അവസാനിച്ചു. പ്രതിപക്ഷ പ്രതിഷേധം മറയാക്കിയാണ് തീരുമാനം. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷത്തെ അഞ്ച് എംഎൽഎമാർ നടുത്തളത്തിലിറങ്ങി സത്യഗ്രഹം ആരംഭിച്ചിരുന്നു. പിന്നാലെയാണ് 30 വരെയുള്ള കാര്യപരിപാടികൾ ഇന്ന് അംഗീകരിച്ച് സ്പീക്കർ സമ്മേളനം അവസാനിപ്പിച്ചത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു.
അഞ്ച് ബില്ലുകളും സഭ പാസാക്കി. ധനബിൽ, ധനവിനിയോഗ ബിൽ, പൊതുജനാരോഗ്യ, പഞ്ചായത്തി രാജ് ബിൽ തുടങ്ങിയവയാണ് ചർച്ചയില്ലാതെ പാസാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഭാ നടപടികൾ തടസ്സപ്പെടുകയാണെന്നും ശരിയായ രീതിയിൽ സഭ കൊണ്ടുപോകുവാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. സർക്കാർ ധിക്കാരം നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നും, സത്യാഗ്രഹ നടപടികളിലേക്ക് കടക്കുകയാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി. തുടർന്നാണ് ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്‌റഫ് എന്നിവർ സഭയിൽ സത്യഗ്രഹമിരുന്നത്.
സഭാചട്ടം അനുസരിച്ച് നടുത്തളത്തിൽ സത്യാഗ്രഹം നടത്തുന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. അതേസമയം പ്രതിപക്ഷ പ്രതിഷേധം സഭാ ടിവിയിൽ ഇന്നും കാണിച്ചില്ല. ഇനിയും ഇതേ നടപടി തുടരാനാണ് സഭാ ടിവിയുടെ തീരുമാനമെങ്കിൽ ചട്ടങ്ങൾ ലംഘിച്ച് നിയമസഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ പുറത്ത് വിടുമെന്നും വി.ഡി.സതീശൻ പറയുന്നു.
Discussion about this post