ഇടുക്കി: ഡമ്മി റേഷൻ കടയും കുങ്കിയാനയുമായി അരിക്കൊമ്പനെ കാത്തിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപിൽ എത്തിയത് ചക്കക്കൊമ്പൻ. രാവിലെ എട്ടരയോടെയായിരുന്നു കുങ്കിയാനയുടെ മണം പിടിച്ച് ചക്കക്കൊമ്പൻ എത്തിയത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഭയപ്പെടുത്തി ഓടിച്ചു.
അരിക്കൊമ്പൻ സ്ഥിരമായി എത്താറുള്ള സിമന്റുപാലത്തിന് സമീപത്തെ ഏലത്തോട്ടത്തിലാണ് കുങ്കിയാനയായ വിക്രത്തിനെ തളച്ചിരിക്കുന്നത്. ഇതിന്റെ 500 മീറ്റർ അടുത്തുവരെയായിരുന്നു ആന എത്തിയത്. രാവിലെ ആനയിറങ്കൽ അണക്കെട്ടിന് സമീപം ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. ഇതേ തുടർന്ന് വനംവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. വെള്ളം കുടിച്ച് ആന തിരികെ പോകുമെന്നായിരുന്നു ഉദ്യോഗസ്ഥർ കരുതിയിരുന്നത്. എന്നാൽ ആന അണക്കെട്ട് നീന്തിക്കടന്ന് ഇക്കരെ എത്തുകയായിരുന്നു. വിക്രത്തിന്റെ അടുത്തെത്തിയതോടെയാണ് ചക്കക്കൊമ്പനെ ഭയപ്പെടുത്തി ഓടിച്ചത്.
അതേസമയം ഭയപ്പെടുത്തി ഓടിച്ച ചക്കക്കൊമ്പൻ തേൻപാറയ്ക്ക് സമീപമുള്ള ചോലയിലാണ് ഇപ്പോഴുള്ളത്. ആന തിരികെ മടങ്ങാത്തത് അരിക്കൊമ്പനെ പിടികൂടാനുള്ള പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്. ചക്കക്കൊമ്പന്റെ സാന്നിദ്ധ്യമുള്ളപ്പോൾ അരിക്കൊമ്പൻ ഇവിടേയ്ക്ക് എത്തുമോയെന്ന കാര്യത്തിൽ സംശയമാണ്.
നിലവിൽ പെരിയകനാൽ ടോപ്പിലാണ് അരിക്കൊമ്പൻ ഉള്ളത്. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളും അരിക്കൊമ്പനൊപ്പമുണ്ട്. ഈ സാഹചര്യത്തിൽ കുങ്കിയാനകളുടെ മണം പിടിച്ച് ആന എത്താൻ സാദ്ധ്യതയില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ശനിയാഴ്ചയാണ് മയക്കുവെടിവച്ച് ആനയെ പിടികൂടാൻ പദ്ധതിയിട്ടിരിക്കുന്നത്. ആന എത്തിയില്ലെങ്കിൽ മറ്റ് പദ്ധതികൾ നോക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
Discussion about this post