തിരുവനന്തപുരം: നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. എൽഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരം മാത്രമാണ്. നിരന്തരമായി സമരം നടത്തിയിട്ടില്ല. സമരങ്ങൾ ഒന്നും പുത്തരിയല്ല. നിയമസഭയിൽ ഞാനും സമരം ചെയ്തിട്ടുണ്ട്. അതിന്റെ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ എല്ലാ ദിവസവും ഞങ്ങൾ സമരം ചെയ്തിട്ടില്ല. ഇവിടെ സ്പീക്കർക്കെതിരെ വിളിക്കാൻ പാടില്ലാത്ത പദപ്രയോഗങ്ങൾ നടത്തി. ഞാൻ സമരം ചെയ്തു എന്നത് കൊണ്ട് യുഡിഎഫ് സമരം ശരിയാണെന്ന് പറയാനാകില്ല. അതുകൊണ്ട് തന്നെ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെയായിരുന്നു ഇന്നലെ ശിവൻകുട്ടി പ്രസ്താവന നടത്തിയത്. ”ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നാണ”് മന്ത്രി ചോദിച്ചത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനം ഉയർന്ന് വന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ശിവൻകുട്ടി രംഗത്തെത്തിയത്.
നേരത്തെ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് പ്രചരിക്കുന്നത്. സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് അന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ചേംബറിൽ കയറി കസേര തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസ് ഇപ്പോഴും തുടരുകയാണ്.
Discussion about this post