കൊല്ലം: കൊല്ലം പോരുവഴിയിൽ സിപിഐ സംഘടനാ നേതാവിന്റെ റേഷൻകടയിലെ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ സുജ ഡാനിയലിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്.
കേരള റേഷൻ എംപ്‌ളോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രിയൻകുമാറിന്റെ റേഷൻ കടയിൽ ഭക്ഷ്യസാധനങ്ങളുടെ വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥയെയാണ് സ്ഥലം മാറ്റിയത്. പ്രിയൻകുമാറിന്റെ റേഷൻകടയുടെ ലൈസൻസ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
മന്ത്രി ജി.ആർ അനിൽ ഇടപെട്ട് പ്രതികാര നടപടി സ്വീകരിച്ചുവെന്നാണ് ആരോപണം.പ്രിയൻകുമാറിന്റെ കടയ്ക്ക നേരെ നടപടിയെടുത്തിന് പിന്നാലെ പിന്നാലെ മന്ത്രി ജി.ആർ അനിൽ സുജയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു
സുജ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിരുന്നില്ലെങ്കിലും സംസ്ഥാനമൊട്ടാകെയുള്ള ഉദ്യോഗസ്ഥ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ഉൾപ്പെടുത്തിയുളള പട്ടികയിലാണ് സുജ ഡാനിയേലും ഉൾപ്പെട്ടത്.
വി.ജെ ശ്രീജിത്താണ് കുന്നത്തൂരിലെ പുതിയ താലൂക്ക് സപ്ലൈ ഓഫീസർ. പോരുവഴി നാലാംവാർഡിലെ 21 -ആം നമ്പർ റേഷൻ കടയ്‌ക്കെതിരെ ഭക്ഷ്യകമ്മിഷന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇക്കഴിഞ്ഞ 13ന് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കടയിൽ ഇരുപത്തിയൊന്ന് ക്വിന്റൽ അരിയുടെ ക്രമക്കേടാണ് കണ്ടെത്തിയത്.
കുറേ നാളുകളായി പ്രിയൻകുമാറിന്റെ റേഷൻകടയിൽ ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. പരാതി ശക്തമായതോടെ ഭക്ഷ്യകമ്മീഷൻ പരിശോധന നടത്തുകയായിരുന്നു. നേരത്തെ പരിശോധന നടത്തിയപ്പോൾ പ്രിയൻകുമാർ സഹകരിച്ചില്ലെന്നും പരാതിയുണ്ട്.
Discussion about this post