പോൺ താരമായ സ്‌റ്റോമി ഡാനിയൽസിന്റെ പരാതിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ നിരവധി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കൈവിലങ്ങ് വച്ച് പോലീസ് ഉദ്യോഗസ്ഥർ ട്രംപിനെ ബലമായി വലിച്ചിഴച്ച് കൊണ്ടുപോകുന്ന തരത്തിലുള്ള ചിത്രങ്ങളാണിത്. എന്നാൽ ട്രംപിനെ ആരും അറസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നുന്ന തരത്തിലാണ് ചിത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടാൽ എങ്ങനെ ഉണ്ടാകുമെന്ന് അറിയുന്നതിന് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഒരാൾ രൂപകൽപ്പന ചെയ്തതാണ് ഈ ചിത്രങ്ങൾ. മാദ്ധ്യമപ്രവർത്തകനായ എലിയറ്റ് ഹിഗിൻസാണ് ഇതിന് പിന്നിൽ. ട്വിറ്ററിലൂടെയാണ് ഹിഗിൻസ് ഈ ചിത്രങ്ങൾ പുറത്ത് വിട്ടത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി വികസിപ്പിച്ചവയാണ് ഈ ചിത്രങ്ങൾ എന്ന് ഇതിൽ വ്യക്തമായി പറയുന്നുമുണ്ട്. നിരവധിയാളുകളാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. താഴെ നൽകിയിരിക്കുന്ന കുറിപ്പ് വായിക്കാതെ ഷെയർ ചെയ്ത പലരും ഈ ചിത്രങ്ങൾ യാഥാർത്ഥ്യമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.
Discussion about this post