തിരുവനന്തപുരം : യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഇംഗ്ലീഷ് പിഎച്ച്ഡിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകൾ കണ്ടെത്തിയത്. നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്‌കർ പുരസ്‌കാരം ലഭിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് ചിന്ത പങ്കുവെച്ച പോസ്റ്റിലാണ് തെറ്റുകൾ കണ്ടെത്തിയത്. ഇതോടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയെ ട്രോളിക്കൊണ്ട് നിരവധി പേർ രംഗത്തെത്തി.
എന്നാൽ പിന്നീടാണ് ഈ പോസ്റ്റും ചിന്ത കോപ്പിയടിച്ചതാണെന്ന് വ്യക്തമായത്. ത്രിപുരയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനായ സുജിത് ത്രിപുരയുടെ പോസ്റ്റാണ് ചിന്താ ജെറോം അതേപടി കോപ്പിയടിച്ചത്.
മാർച്ച് 13 നാണ് ഇയാൾ പോസ്റ്റ് പങ്കുവെച്ചത്. ‘ Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu Cinema literature secotr. congratulations . ‘ എന്നായിരുന്നു പോസ്റ്റ്. എന്നാൽ ഇത് അതേപടി കോപ്പിടയിച്ച് ”congratulations” എന്ന വാക്ക് മാറ്റി ”respect” എന്നാക്കിയാണ് ചിന്ത പങ്കുവെച്ചത്.
”ആർആർആർ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എം എം കീരവാണിക്ക് ഓസ്‌കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്” എന്നാണ് ഇതിന്റെ യഥാർത്ഥ തർജ്ജിമ.
ചിന്തയുടെ പോസ്റ്റ് വൈറലായതോടെ ട്രോളുകളുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. തെറ്റായ പോസ്റ്റ് അതേപടി കോപ്പിടയിച്ച് പങ്കുവെച്ച ചിന്ത ജെറോമിന്റെ വിവേകമില്ലായ്മയെയാണ് ആളുകൾ ട്രോളിയത്.
എന്നാൽ ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് പോസ്റ്റിന്റെ യഥാർത്ഥ ഉടമ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പോസ്റ്റ് മൂലം കേരളത്തിലെ തന്റെ സുഹൃത്തിന് നേരിടേണ്ടിവന്ന പ്രശ്‌നങ്ങളിൽ ക്ഷമ ചോദിച്ചുകൊണ്ടുള്ളതാണ് പുതിയ പോസ്റ്റ്.
”കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 2023 മാർച്ച് 13 ന് എന്റെ സോഷ്യൽ മീഡിയയിലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഓസ്‌കർ അവാർഡ്‌സിൽ നമ്മുടെ ഇന്ത്യൻ സിനിമകളുടെ നേട്ടത്തെ കുറിച്ചായിരുന്നു ആ പോസ്റ്റ്. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ എങ്ങനെയാണ് ഈ പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞാനും അക്കൗണ്ടിൽ സജീവമായിരുന്നില്ല. എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു സുഹൃത്ത് മുഖേന ഈ വിഷയത്തെ കുറിച്ച് ഞാൻ അറിഞ്ഞു. എന്റെ ഈ പോസ്റ്റ് കാരണം ഒരാൾക്ക് പ്രശ്നമുണ്ടാകുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്. എന്റെ പോസ്റ്റിലൂടെ ഏതെങ്കിലും വ്യക്തിയെയോ സമുദായത്തെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. അതിനാൽ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു” എന്നാണ് ഇയാൾ പോസ്റ്റിൽ വ്യക്തമാക്കിയത്. ഇതോടൊപ്പം മാർച്ച് 13 ന് പങ്കുവെച്ച പോസ്റ്റും അദ്ദേഹം ഡിലീറ്റ് ചെയ്തു.
Discussion about this post