ന്യൂഡൽഹി: പിന്നോക്ക സമുദായത്തെ അപമാനിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എം പി സ്ഥാനത്ത് നിന്നും അയോഗ്യനായി പുറത്ത് പോകുന്ന രാഹുൽ ഗാന്ധിയുടെ പേരിൽ രാജ്യത്താകമാനം അക്രമം അഴിച്ചുവിട്ട് ഭരണഘടനയെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കുകയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ. കേരളത്തിൽ ഗുസ്തിയും മറ്റിടങ്ങളിൽ ദോസ്തിയും എന്ന പ്രധാനമന്ത്രിയുടെ പരിഹാസം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കി മൂർത്തിയേക്കാൾ വലിയ ശാന്തിക്കാരായി ഇടതുപക്ഷവും തങ്ങൾക്ക് സ്വാധീനമുള്ള തുലോം തുച്ഛമായ ഇടങ്ങളിൽ അക്രമങ്ങളും രാഹുൽ അപദാനങ്ങളുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ, അടിയന്തിരാവസ്ഥയ്ക്ക് കാരണമായ പഴയ ഇന്ദിര ഗാന്ധിയുടെ അയോഗ്യതയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുകയാണ് രാജ്യത്തെ രാഷ്ട്രീയ വിദ്യാർത്ഥികളും നിരീക്ഷകരും.
നെഹ്രു കുടുംബത്തിന്റെ ആദ്യ ലോക്സഭാ അയോഗ്യതയല്ല നിലവിൽ രാഹുൽ ഗാന്ധി നേരിടുന്നത്. ഏകദേശം അര നൂറ്റാണ്ട് മുൻപ്, രാഹുലിന്റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധി പാർലമെന്റിൽ നിന്നും അയോഗ്യയാക്കപ്പെട്ടതും സമാനമായ ഒരു കോടതി വിധിയെ തുടർന്നായിരുന്നു. 1971ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതായി അലഹാബാദ് ഹൈക്കോടതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇന്ദിര അന്ന് പുറത്താക്കപ്പെട്ടത്.
1975 ജൂൺ 12നായിരുന്നു ഇന്ദിരയുടെ അയോഗ്യതയിലേക്കും പിന്നീടുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗധേയങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്തിയ അടിയന്തിരാവസ്ഥയിലേക്കും നയിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ ആ കോടതി വിധി പ്രഖ്യാപിക്കപ്പെട്ടത്. 71ലെ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ഇന്ദിരക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട രാജ് നരെയ്ൻ എന്ന നേതാവായിരുന്നു, ഇന്ദിര തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതായി ആരോപിച്ച് കോടതിയെ സമീപിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയ കോടതി, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയെ വിസ്തരിക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് നടന്ന കോടതി നടപടികൾക്കൊടുവിൽ, ഇന്ദിര തിരഞ്ഞെടുപ്പിൽ വിജയം നേടാൻ സർക്കാർ സംവിധാനങ്ങളെ ചട്ടവിരുദ്ധമായി ഉപയോഗിച്ചു എന്ന് ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ വിധിച്ചു. അന്ന് ഇന്ദിരയ്ക്ക് എം പി സ്ഥാനം മാത്രമല്ല, ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കും ലഭിച്ചു.
അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അന്ന് ഇന്ദിര സുപ്രീം കോടതിയിയെ സമീപിച്ചുവെങ്കിലും, 1975 ജൂൺ 24ന് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ കീഴ്ക്കോടതി വിധി ശരിവെച്ചു. തുടർന്ന് സംഭവിച്ചത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ദിരക്കെതിരെ അന്നത്തെ പ്രതിപക്ഷം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചു. തുടർന്ന്, ജൂൺ 25ന് രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനെ കൊണ്ട് ധൃതിപ്പെട്ട് ഇന്ദിര അടിയന്തിരാവസ്ഥയുടെ ഉത്തരവിൽ ഒപ്പ് വെപ്പിച്ചു.
പിന്നീടുള്ള രണ്ട് വർഷക്കാലം, ഇന്ത്യയിലെ സകലമാന സ്വാതന്ത്ര്യങ്ങളും എതിർശബ്ദങ്ങളും അടിച്ചമർത്തപ്പെട്ട അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലഘട്ടമായിരുന്നു. രണ്ട് വട്ടമാണ് പിന്നീട് ഇന്ദിര അടിയന്തിരാവസ്ഥ ദീർഘിപ്പിച്ചത്. ഒടുവിൽ മറ്റ് വഴികളില്ലാതെ 1977ൽ അടിയന്തിരാവസ്ഥ പിൻവലിച്ച് ഇന്ദിര രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
1977ൽ നടന്ന ആ തിരഞ്ഞെടുപ്പിൽ ഇന്ദിര അൻപതിനായിരത്തിലധികം വോട്ടുകൾക്ക് മുൻ എതിരാളിയായിരുന്ന രാജ് നരെയ്നോട് തോറ്റു. രാജ്യത്താകമാനം കോൺഗ്രസിന് ചരിത്രത്തിൽ അന്നു വരെയുണ്ടായ ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. ഇന്ദിരയെ പൂർണ്ണമായും തിരസ്കരിച്ചു കൊണ്ട് രാജ്യത്തെ ആദ്യ കോൺഗ്രസ് ഇതര സർക്കാർ, ജനതാ പാർട്ടി നേതാവ് മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരമേറ്റു. (അന്നും കേരളത്തിലെ മുഴുവൻ സീറ്റുകളും കോൺഗ്രസിന് നൽകി മലയാളി വിഖ്യാതമായ ‘രാഷ്ട്രീയ പ്രബുദ്ധത‘ തെളിയിച്ചു.)
ഇന്ന്, സമാനമായ പുറത്താകലിൽ അപമാനിതമായി നിൽക്കുന്ന രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വാഴ്ത്തുന്ന ഇതേ കോൺഗ്രസ് അനുകൂല മാദ്ധ്യമങ്ങൾ, ജനാധിപത്യത്തിന്റെ ജയിലറക്കാലത്തെ ബോധപൂർവം വിസ്മരിക്കുകയാണ്.
Discussion about this post