എറണാകുളം: നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല.
വിമാനത്താവളത്തിന് സമീപമായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.പരിശീലനത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ട് പിന്നാലെയായിരുന്നു അപകടം ഉണ്ടായത്. ഉയർന്നതിന് പിന്നാലെ നിയന്ത്രണം വിട്ട് താഴെ വീഴുകയായിരുന്നു. റൺവേയോട് ചേർന്നുള്ള ഭാഗത്താണ് വീണത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൂന്ന് പേരായിരുന്നു സംഭവ സമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കെെയ്ക്ക് പൊട്ടലുണ്ടെന്നാണ് സൂചന.
സാങ്കേതിക തകരാറാണ് ഹെലികോപ്റ്റർ തകരാൻ കാരണം എന്നാണ് സൂചന. അപകടത്തെ തുടർന്ന് റൺവേ താത്കാലികമായി അടച്ചു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Discussion about this post