കൊച്ചി : തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷിയായ സ്ത്രീ. മനോഹരനെ പോലീസ് പിടിച്ചുനിർത്തി മുഖത്ത് അടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. അടിച്ചപ്പോൾ മനോഹരൻ നിന്ന് വിറയ്ക്കുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.
അവിടെ ബഹളം കേട്ടാണ് താൻ ഓടിപ്പോയത്. മൂന്ന് പോലീസുകാർ അവിടെയുണ്ടായിരുന്നു. വണ്ടിക്ക് കൈകാണിച്ചാൽ നിർത്താനാവില്ലേ എന്നവർ ചോദിച്ചു. സാറേ… പേടിച്ചിട്ടാണ് നിർത്താതെ പോയത് എന്നാണ് മനോഹരൻ പറഞ്ഞത്. വണ്ടി നിർത്തി ഹെൽമെറ്റ് ഊരിയതോടെ പോലീസ് ഇയാളുടെ മുഖത്തടിക്കുകയായിരുന്നു. അടികൊണ്ട് മനോഹരൻ നിന്ന് വിറയ്ക്കുകയാണ് ഉണ്ടായത്.
തുടർന്ന് മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കുന്ന യന്ത്രം കൊണ്ടുവന്ന് ഊതിപ്പിച്ചു. പക്ഷേ അവൻ മദ്യപിച്ചിട്ടില്ലായിരുന്നു. പിന്നാലെ മനോഹരനെ ജീപ്പിൽ കയറ്റി കൊണ്ടുപോകുകയാണ് ഉണ്ടായത് എന്ന് ദൃക്‌സാക്ഷി പറഞ്ഞു.
ശനിയാഴ്ച രാത്രി ജീപ്പിൽ സ്റ്റേഷനിലെത്തിച്ച ശേഷം മനോഹരൻ കുഴഞ്ഞുവീണു എന്നാണ് പോലീസിന്റെ വിശദീകരണം. ഉടൻ തന്നെ പോലീസ് ജീപ്പിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മനോഹരൻ മരിച്ച നിലയിലായിരുന്നു.
ഇതോടെ മനോഹരന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ എസ് ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Discussion about this post